ജീവിതത്തിലെ പ്രതിസന്ധികളെ ഇടിച്ചു തോല്‍പിക്കുന്ന മിടുക്കന്‍. ടാറ്റ എന്ന ഒന്‍പത് വയസ്സുകാരനെ ഒരു വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കൊച്ചുമിടുക്കന്‍ ബോക്‌സിങ് കളത്തിലിറങ്ങിയത്. ആരേയും അതിശയിപ്പിക്കുന്ന ജീവിത മാതൃകയാണ് ടാറ്റയുടേത്.
ഒന്‍പത് വയസ്സ് മാത്രമാണ് ടാറ്റയുടെ പ്രായം. തായ്‌ലന്റിലെ അറിയപ്പെടുന്ന ഒരു കിക്ക്‌ബോക്‌സര്‍. ബോക്‌സിങ്ങ് റിങ്ങില്‍ ആരേയും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് സമ്മാനങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ അത് ടാറ്റയ്ക്ക് സ്വന്തം കുടുംബത്തെ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് നയിക്കുന്നതിനുള്ള വരുമാന മാര്‍ഗ്ഗം കൂടിയാണ്.
അമ്മയും മൂത്ത സഹോദരിയും അടങ്ങുന്നതാണ് ടാറ്റയുടെ കുടുംബം. സഹോദരി പൂമ്രാപി ദേശീയ യൂത്ത് ടീമില്‍ ബോക്‌സറാണ്. അമ്മയാകട്ടെ തെരുവില്‍ പലഹാരങ്ങള്‍ വില്‍ക്കുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന ചെറിയ തുകയാണ് ഈ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗം. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ടാറ്റ ചെറുപ്രായത്തില്‍ ബോക്‌സിങ് റിങ്ങിലേക്കിറങ്ങിയത്.
കൃത്യമായ പരിശീലനം ഒന്നുമില്ലെങ്കിലും ബോക്‌സിങ്ങില്‍ അതിശയിപ്പിക്കാറുണ്ട് ടാറ്റ. മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന ചെറിയ തുക പോലും തന്റെ കൊച്ചു കുടുംബത്തിനു വേണ്ടി വിനിയോഗിക്കുകയാണ് ഈ മിടുക്കന്‍. നല്ലൊരു വീടും വാഹനവും ഒക്കെ സ്വന്തമാക്കി ജീവിതസാഹചര്യം മെച്ചപ്പെടുത്തണമെന്നാണ് ടാറ്റയുടെ ആഗ്രഹം.
എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം മാസങ്ങളായി ടാറ്റയ്ക്ക് ബോക്‌സിങ് റിങ്ങിലിറങ്ങാന്‍ സാധിച്ചിട്ടില്ല. മഹാമാരി തീര്‍ത്ത പ്രതിസന്ധി വിട്ടൊഴിഞ്ഞാല്‍ പഴയപോലെ ബോക്‌സിങ് റിങ്ങിലേക്കിറങ്ങാനുള്ള കാത്തിരിപ്പിലാണ് കുഞ്ഞ് ടാറ്റ.