സുന്ദരി ഓട്ടോയുടെ ഒപ്പം നിന്ന് ചിത്രങ്ങള്‍ എടുത്ത പൊലീസുകാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഞായറാഴ്ച ഇന്റര്‍സെപ്റ്ററില്‍ പരിശോധനകള്‍ക്കിറങ്ങിയ പൊലീസുകാര്‍ക്ക് മുന്നിലാണ് സുന്ദരി ഓട്ടോ എത്തിയത്. ഓട്ടോ കണ്ടതും ജീപ്പ് നിര്‍ത്തി പൊലീസുകര്‍ സുന്ദരിയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങള്‍ എടുക്കുകയായിരുന്നു.
ഏഴര മാസത്തെ അധ്വാനത്തിലൂടെയാണ് അരുണ്‍കുമാര്‍ ഈ കൊച്ചു സുന്ദരിയെ നിര്‍മിച്ചത്. നഴ്‌സായി ജോലി ചെയ്യുന്ന അരുണ്‍കുമാറിന് കുട്ടിക്കാലത്ത് കളിയ്ക്കാന്‍ കളിപ്പാട്ടങ്ങള്‍ വാങ്ങാനുള്ള ജീവിത സാഹചര്യം ഇല്ലായിരുന്നു. ഈ സങ്കടം തന്റെ മക്കളായ മാധവ് കൃഷ്ണയ്ക്കും കേശിനി കൃഷ്ണയ്ക്കും കളിപ്പാട്ടങ്ങള്‍ സ്വയം ഉണ്ടാക്കി നല്‍കി മറക്കുകയാണ് അരുണ്‍കുമാര്‍. 60 കിലോഗ്രാം ഭാരമുള്ള ‘സുന്ദരി’ക്ക് 150 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. ഉപയോഗ രഹിതമായ വസ്തുക്കള്‍ വിനിയോഗിച്ചാണു ഓട്ടോ നിര്‍മ്മിച്ചത്.
ഡിടിഎച്ച് ഡിഷ് ആന്റിന ഓട്ടോയുടെ മുന്‍വശത്തിനായും സ്റ്റൗവിന്റെ മെറ്റല്‍ ഭാഗം ബേസ്‌മെന്റിനായും ഉപയോഗപ്പെടുത്തി. സൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് രീതിയാണു മുച്ചക്രത്തിലേക്കു പകര്‍ത്തിയത്. തടിയില്‍ ഒരുക്കിയ ചക്രങ്ങളില്‍ ടയറിന്റെ ഗ്രിപ്പ് ഒട്ടിച്ചാണു ടയര്‍ നിര്‍മിച്ചത്. കിക്കര്‍, ഇന്‍ഡിക്കേറ്റര്‍, വൈപര്‍, ഹെഡ്‌ലൈറ്റ്, ഹോണ്‍, ഫസ്റ്റ് എയ്ഡ് ബോക്‌സ്, പാട്ടുപെട്ടി തുടങ്ങിയവ എല്ലാമുള്ള ഒരു സമ്പൂര്‍ണ ഓട്ടോറിക്ഷയാണു സുന്ദരി. മൂന്നരയടി ഉയരവും ആനുപാതികമായ നീളവുമാണ് സുന്ദരിയ്ക്കുള്ളത്.
ഓട്ടോ നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ക്കു മാത്രമായി 15000 രൂപ ചെലവായി. നെടുമ്പള്ളി എന്ന പേരില്‍ ലൂസിഫറിലെ മോഹന്‍ലാലിന്റെ വാഹനം നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് അരുണ്‍കുമാറിപ്പോള്‍.