നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ, ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും കുറിപ്പും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കിയായിരുന്നു ഇരുവരും എത്തിയത്. ബാലു വർഗീസ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
നിറവയറുമായി നില്‍ക്കുന്ന എലീനയ്ക്കരികിലുള്ള ബാലുവിന്റെ ഫോട്ടോയും വൈറലായി മാറിയിട്ടുണ്ട്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയിട്ടുള്ളത്. ദുബായില്‍ നിന്നുള്ള ചിത്രമായിരുന്നു ഇരുവരും പോസ്റ്റ് ചെയ്തത്. 2021 മേയിലാണ് കുഞ്ഞതിഥി എത്തുകയെന്നും ബാലു കുറിക്കുന്നു. എല്ലാവർക്കും മികച്ചതും സന്തോഷകരവുമായ ഒരു വർഷമായിരിക്കെട്ട. നന്ദിയും പ്രത്യാശയുമായാണ് ഈ വർഷം ആരംഭിക്കുന്നത്. ഒരു സാഹസിക യാത്ര ആരംഭിക്കാൻ പോവുകയാണ്. ഈ മെയ് മാസത്തിൽ എത്തുന്ന ഒരാളെ കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ലെന്നായിരുന്നു എലീന കുറിച്ചത്. നേഹ അയ്യര്‍, വിനയ് ഫോര്‍ട്ട്, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചിട്ടുള്ളത്.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാവുന്നത്. എലീനയുടെ പിറന്നാൾ ദിനത്തിലാണ് ബാലു വിവാഹ അഭ്യർഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ അറിയുന്നത്.‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.