കാസര്‍കോട് ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ മകള്‍ക്കാണ് ഇപ്പോള്‍ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഈ വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും, സഹപാഠികളും നിരീക്ഷണത്തില്‍ പോണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. കൂടാതെ രോഗലക്ഷണമുള്ളവര്‍ റിപോര്‍ട്ട് ചെയ്യണമെന്നും പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. കാസര്‍കോട്ട് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 81 ആയതോടെയാണ് അധികൃതര്‍ കര്‍ശന നിര്‍ദേശവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ജില്ലയില്‍ വൈറസിന്റെ സാമൂഹ്യ വ്യാപനം നടന്നിട്ടില്ലെന്നും അതിന്റെ വക്കിലാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.