Home Viral Viral Topics കാന്‍സര്‍ എനിക്ക് ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചത്; പക്ഷേ, ഈ രോഗം വന്നില്ലായിരുന്നെങ്കില്‍, ഞാന്‍ ജീവിതത്തെ ഇത്രത്തോളം വിലമതിക്കില്ലായിരുന്നു; വൈറൽ കുറിപ്പ്

കാന്‍സര്‍ എനിക്ക് ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചത്; പക്ഷേ, ഈ രോഗം വന്നില്ലായിരുന്നെങ്കില്‍, ഞാന്‍ ജീവിതത്തെ ഇത്രത്തോളം വിലമതിക്കില്ലായിരുന്നു; വൈറൽ കുറിപ്പ്

0
കാന്‍സര്‍ എനിക്ക് ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചത്; പക്ഷേ, ഈ രോഗം വന്നില്ലായിരുന്നെങ്കില്‍, ഞാന്‍ ജീവിതത്തെ ഇത്രത്തോളം വിലമതിക്കില്ലായിരുന്നു; വൈറൽ കുറിപ്പ്

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിൽ വന്ന കുറിപ്പാണ്. കാൻസറിനെ അതിജീവിച്ച പെൺകുട്ടിയുടെ കഥയാണ്‌ പറയുന്നത്. യഥാർത്ഥത്തിൽ കാന്‍സര്‍ എനിക്ക് ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചത്. പക്ഷേ, പരാതിപ്പെടാന്‍ എനിക്ക് കഴിയില്ല. കാരണം ഈ രോഗം വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിതത്തെ ഇത്രത്തോളം വിലമതിക്കില്ലായിരുന്നു. ഞാനൊരു വിജയിയാണെന്ന് തോന്നുമായിരുന്നില്ല. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

കോളജില്‍ ആദ്യ വര്‍ഷം പഠിക്കുമ്പോഴാണ് എന്റെ ചെവിയ്ക്ക് പുറകിലായി ചെറുതായി നീര് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഞാനും അമ്മയും കരുതിയത് എവിടെയെങ്കിലും ഇടിച്ചതാകും എന്നായിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എനിക്ക് സഹിക്കാനാകുന്നതിലും അപ്പുറമുള്ള വേദനയായി. ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ അവരാദ്യം പറഞ്ഞത് നീര്‍വീക്കം മാത്രമാണ് എന്നാണ്. എന്നാല്‍ കാന്‍സര്‍ ഗവേഷകനായ എന്റെ അങ്കിളുമായി ഇക്കാര്യം സംസാരിച്ചതിന് ശേഷമാണ് വിശദമായ പരിശോധനകള്‍ നടത്തി രക്താര്‍ബുദത്തിന്റെ രണ്ടാം ഘട്ടമാണ് എനിക്കെന്ന് മനസ്സിലായത്. അന്നെനിക്ക് 19 വയസ്സാണ്. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല. ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും രോഗം ഭേദമാകണമെന്നും മാത്രമാണ് ഞാന്‍ ആഗ്രഹിച്ചത്.

ഡല്‍ഹിയില്‍ പോയി കീമോതെറാപ്പി ആരംഭിച്ചു. വേദന നിറഞ്ഞതായിരുന്നു അതിന്റെ പാര്‍ശ്വഫലങ്ങള്‍. എന്റെ ശരീരം മുഴുവന്‍ പൊട്ടലുകള്‍ രൂപപ്പെട്ടു. ഓരോ തവണ കീമോ കഴിയുമ്പോഴും പനി പിടിപെടും. രണ്ട് മാസക്കാലം ഓരോ ദിവസം ഇടവിട്ട് എനിക്ക് കീമോ ചെയ്യേണ്ടിവന്നു. അതിന്റെ ഫലമായി 17 കിലോ ഭാരവും മുടിയും നഷ്ടപ്പെട്ടു. അതിലേറെ എന്നെ വേദനിപ്പിച്ചത് കോളജില്‍ പോകാന്‍ പറ്റില്ല എന്നതായിരുന്നു. എന്റെ സുഹൃത്തുക്കളെ കാണാന്‍ കഴിഞ്ഞില്ല. നിയമം പഠിക്കണമെന്നത് എന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നു. പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്നതിനാല്‍ ആ ആഗ്രഹവും ഉപേക്ഷിക്കേണ്ടി വന്നു. ഞാന്‍ തകര്‍ന്നുപോയി.പക്ഷേ, കാന്‍സര്‍ എന്നാല്‍ അങ്ങനെയാണ്. ജീവിതം തിരിച്ചു പിടിക്കാനുള്ള കഠിനമായ പ്രക്രിയ നമ്മെ കുറെ കാര്യങ്ങള്‍ പഠിപ്പിക്കും. എനിക്ക് കോളജില്‍ പോകാന്‍ സാധിക്കാതിരുന്ന 13 മാസങ്ങളില്‍ എല്ലാ ചെറിയ കാര്യങ്ങളും എനിക്ക് വിലമതിപ്പുള്ളതായി. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം മുതല്‍ എനിക്ക് വേണ്ടി നോട്ടുകള്‍ എഴുതുകയും വീട്ടിലെത്തി എന്നെ ചിരിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളും നിരന്തരമായി പിന്തുണയ്ക്കുന്ന കുടുംബവും വരെ.

എന്റെ സുഹൃത്തുക്കൾ എനിക്കായി എന്റെ അസൈൻമെന്റുകൾ പോലും പൂർത്തിയാക്കി. ഏറ്റവും മോശമായിരുന്ന അവസ്ഥയില്‍ അവര്‍ എനിക്കായി സര്‍പ്രൈസ് ബർത്തഡേ പാര്‍ട്ടി ഒരുക്കി. ആ ദിവസങ്ങളിലൊക്കെ ഞാന്‍ വളരെ സങ്കടപ്പെട്ടിരുന്നു. എല്ലാം ഭേദമാകുമെന്ന് അമ്മ എന്നെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. അസുഖത്തിനെതിരെ പോരാടേണ്ടതുണ്ടെന്ന് എനിക്കറിയാം. ഞാൻ എന്റെ മാനസികാവസ്ഥയിൽ മാറ്റം വരുത്താൻ ശ്രമിച്ചു തുടങ്ങി. ഞാൻ ടെഡ്ടാക്ക്സ കണ്ടു, പോസിറ്റീവായ, പ്രചോദനാത്മകമായ പുസ്തകങ്ങൾ വായിച്ചു. ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന സത്യത്തെ വിലമതിച്ചു തുടങ്ങി. സ്കാര്‍ഫ് ഉപയോഗിച്ച് തല മറയ്ക്കുന്നത് ഞാന്‍ നിര്‍ത്തി. ഞാനൊരു ഫിനിക്സ് പക്ഷിയായി തോന്നി. രോഗം ഭേദമായപ്പോൾ പരീക്ഷകളെല്ലാം എഴുതി.

പിന്നീട് എന്റെ സ്വപ്നമായിരുന്ന എംബിഎയ്ക്ക് ബെംഗളൂരുവില്‍ അഡ്മിഷൻ ലഭിച്ചു. അപ്പോഴും പ്രതിസന്ധികള്‍ ഉണ്ടായി. ഡോക്ടര്‍ എനിക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കിയില്ല. ആ സാഹചര്യത്തെയും ഞാന്‍ നേരിട്ടു. പിന്നീട് സ്പാനിഷും ശാസ്ത്രീയ നൃത്തവും പഠിക്കാന്‍ തുടങ്ങി. ആരോഗ്യകരമായ ഭക്ഷണം കഴിച്ചു തുടങ്ങി. ആരോഗ്യം പതിയെ വീണ്ടെടുത്തു. ഇപ്പോള്‍ വീണ്ടും എംബിഎ പ്രവേശന പരീക്ഷയ്ക്കായി തയാറെടുക്കുകയാണ്. ഇത്തവണ ഞാന്‍ ഉറപ്പായും പോകും. എന്റെ ആഗ്രഹം സഫലമാകും. യഥാർത്ഥത്തിൽ കാന്‍സര്‍ എനിക്ക് ബുദ്ധിമുട്ടുകളാണ് സമ്മാനിച്ചത്. പക്ഷേ, പരാതിപ്പെടാന്‍ എനിക്ക് കഴിയില്ല. കാരണം ഈ രോഗം വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിതത്തെ ഇത്രത്തോളം വിലമതിക്കില്ലായിരുന്നു. ഞാനൊരു വിജയിയാണെന്ന് തോന്നുമായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here