മനോഹരമായ വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയതാണ് ചലച്ചിത്രതാരം മുക്തയുടെ മകൾ കൺമണികുട്ടി. ഇപ്പോഴിതാ വീണ്ടും സോഷ്യൽ ഇടങ്ങളിലൂടെ കാഴ്ചക്കാരുടെ മുഴുവൻ മനം കവരുകയാണ്, കണ്മണികുട്ടിയും മുക്തയും ചേർന്നുള്ള ഒരു വിഡിയോ.
മാമ്പഴക്കാലം എന്ന ചിത്രത്തിലെ ‘കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ’ എന്ന ഗാനത്തിനൊപ്പമാണ് മുക്തയും കണ്മണികുട്ടിയും പ്രത്യക്ഷപ്പെടുന്നത്. ‘എന്റെ ചെറുപ്പത്തിൽ ഒരുപാട് കേട്ട് ഒത്തിരി ഇഷ്ടം തോന്നിയ പാട്ട്, എന്റെ കണ്മണികുട്ടിയുടെ കൂടെ’ എന്ന അടിക്കുറുപ്പോടെ മുക്ത തന്നെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും.
കണ്മണികുട്ടിയുടെ മനോഹരമായ ഭാവങ്ങൾ തന്നെയാണ് വിഡിയോയിലെ മുഖ്യ ആകർഷണം. അമ്മ മുക്തയ്ക്കും കൊച്ചമ്മ റിമി ടോമിക്കുമൊപ്പം സോഷ്യൽ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള കൺമണികുട്ടിയ്ക്കും സോഷ്യൽ ഇടങ്ങളിൽ നിരവധി ആരാധകരുണ്ട്.
പാട്ടും നൃത്തവും അഭിനയവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ താരമായതാണ് യു കെ ജി വിദ്യാർത്ഥിനിയായ കിയാര എന്ന കൺമണിക്കുട്ടി. കഴിഞ്ഞ ദിവസം സുഗതകുമാരിയുടെ ‘ഒരു തൈ നടാം’ എന്ന കവിതയുമായി കൺമണികുട്ടി എത്തിയതും സോഷ്യൽ ഇടങ്ങൾ ഏറ്റെടുത്തിരുന്നു.