മേക്കോവറിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്താറുള്ള മലയാള നടിയാണ് ലെന. അടുത്ത കാലത്ത് ലെന അഭിനയിക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷത്തെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍.
ആര്‍ട്ടിക്കിള്‍ 21 എന്ന പേരിലെത്തുന്ന ചിത്രത്തില്‍ താമര എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിക്കുന്നത്.വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്ന് നിര്‍മ്മിച്ച് ലെനിന്‍ ബാലകൃഷ്ണന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മേക്കോവര്‍ നടത്തിയ തന്നെ പലരും തിരിച്ചറിഞ്ഞില്ലെന്ന് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് നടിയിപ്പോള്‍.
എന്റെ മുന്നില്‍ വന്നത് താമര എന്നൊരു കഥാപാത്രമാണ്. ഇതുവരെ ഞാന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രം. ഒരു തമിഴ് യുവതി, ചവറ് പെറുക്കലാണ് അവളുടെ ജോലി. പിന്നീട് അവളെയും അവളുടെ രണ്ട് മക്കളുടെയും ജീവിതത്തിലുണ്ടാകുന്ന കുറേ സംഭവങ്ങള്‍. അതൊക്കെയാണ് എന്നെ താമരയിലേക്ക് വലിച്ചടുപ്പിച്ചത്.
നല്ലത് പോലെ ഗവേഷണം ചെയ്ത് മനോഹരമായി എഴുതിയ ഒരു തിരക്കഥയാണ് ഈ സിനിമയുടെ ബലം. പിന്നെ ബോഡി ഷെയിമിങ് എന്നതൊക്കെ ആളുകള്‍ സ്വയം അവരിലേല്‍പ്പിക്കുന്ന മുറിവുകളാണെന്നാണ് എന്റെ അഭിപ്രായം. അതിന്റെ ആവശ്യമുണ്ടോയെന്ന് സ്വയം ചിന്തിക്കണമെന്നും ലെന പറയുന്നു.
രണ്ട് മണിക്കൂറോളം ഓരോ തവണയും മേക്കപ്പ് ചെയ്യേണ്ടി വന്നിട്ടുണ്ട്. വിഗ് മുതല്‍ മുഴുവന്‍ ശരീരവും ഒരു പ്രത്യേക ടോണിലാക്കി മാറ്റണം. പല്ലിലെ കറ സൃഷ്ടിക്കാനൊക്കെ ഏറെ സമയമെടുത്തു. ചില സമയങ്ങളില്‍ കണ്ണില്‍ ചുവപ്പ് നിറം കലര്‍ത്തേണ്ടി വന്നു. ചൂടും വിയര്‍പ്പും കാരണം ഇടയ്ക്കിടെയ്ക്ക് മേക്കപ്പ് ടച്ച് ചെയ്യേണ്ടി വരും.
ഈ സിനിമയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സമയം വേണ്ടി വന്നതും മേക്കപ്പിന് വേണ്ടിയായിരുന്നു. കോഴിക്കോട് സ്വദേശിയായ റഷീദ് അഹമ്മദായിരുന്നു മേക്കപ്പ്. പഴയ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന യഥാര്‍ഥ ഗോഡൗണില്‍ തന്നെയാണ് സിനിമയുടെ പ്രധാന ഭാഗങ്ങളില്‍ ചിലത് ചിത്രീകരിച്ചത്. അവിടെ ഉണ്ടായിരുന്നവരെ നിരീക്ഷിച്ചും പഠിച്ചുമാണ് ചില ശൈലികള്‍ പഠിച്ചത്.