ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് സർവ സാധാരമാണ്. കബളിക്കപെട്ടാൽ നിയമനടപടികളിയ്ക്ക് കടക്കാം എങ്കിലും ചതിയിൽ പെടാതെ നോക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എത്ര ശ്രദ്ധിച്ചാലും ചിലപ്പോഴൊക്കെ നമുക്ക് അബദ്ധങ്ങൾ പറ്റും. ഭർത്താവിന് സമ്മാനം നൽകാനായി വില കൂടിയ കാർ മാറ്റ് വാങ്ങിയ ഹെഡ്ജ് ബർളി എന്ന് പേരുള്ള സ്ത്രീയ്ക്കും അത് തന്നെ സംഭവിച്ചു. 245 പൗണ്ട് (ഏകദേശം 25,089 രൂപ) ചിലവാക്കിയാണ് ഹെഡ്ജ് ബർളി കാറിന് ചവിട്ടി വാങ്ങിയത്. വാഹനകമ്പമുള്ള ഭർത്താവ് മാർക്കിന് ജന്മദിനത്തിൽ സമ്മാനമായാണ് ബർളി ചവിട്ടി വാങ്ങിയത്. ക്ലാസിക് കാറുകൾ ശേഖരിക്കുന്നതിൽ തല്പരനായ മാർക്കിന്റെ 1986 മോഡൽ ഫോർഡ് കോസ്‌വർത്ത് കാറിനെയാണ് പ്രീമിയം ചവിട്ടികൾ ബർളി ഓർഡർ ചെയ്തത്.
“ഞങ്ങളുടെ പ്രിയപ്പെട്ട കാറുകളിലൊന്നാണ് 1986 ഫോർഡ് കോസ്‌വർത്ത്. മാർക്കിന്റെ ജന്മദിനത്തിനായി കാറിനായുള്ള പീസ് ഡി റെസിസ്റ്റൻസായി കാർ മാറ്റുകൾ സമ്മാനിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ഫോർഡ് കാർ മാറ്റുകൾക്കായി തിരഞ്ഞ് ഒടുവിൽ മനസ്സിലുള്ള കാർ മാറ്റുകൾ വിൽക്കുന്ന ഒരു വെബ്‌സൈറ്റ് കണ്ടെത്തി. 245 പൗണ്ട് എന്ന് കണ്ടപ്പോൾ കൂടുതൽ ഒന്നും അന്വേഷിക്കാതെ ഞാൻ അവ ഓർഡർ ചെയ്തു. പക്ഷെ പണി പാളി”, ഹെഡ്ജ് ബർളി പറഞ്ഞു. എന്താണ് പറ്റിയത് എന്നല്ലേ? പാർസൽ ആയിക്കിട്ടിയ കാർ മാറ്റ് മാർക്കിന്റെ യഥാർത്ഥ കാറിൽ സ്ഥാപിക്കാൻ പറ്റില്ല. പകരം ഫോർഡ് കോസ്‌വർത്തിൻ്റെ ഒരു കളിക്കാർ (കുട്ടികൾക്ക് കളിക്കുന്ന മോഡൽ) വാങ്ങിയാൽ അതിൽ സ്ഥാപിക്കാം. ഡെലിവറി കിട്ടിയ മാറ്റുകൾ എല്ലാം ഒരു കൈവെള്ളയിൽ ഒതുങ്ങും.
“പാക്കേജ് വന്നപ്പോൾ, എന്റെ മകൾ അത് എന്റെ അടുത്ത് കൊണ്ടുവന്നു. പാക്കേജിന് വലിപ്പം തീരെ കുറഞ്ഞത്പോലെ എനിക്ക് തോന്നി. തുറന്ന് നോക്കിയപ്പോൾ ചിരിക്കാനും കരയാനും എനിക്ക് തോന്നി. എന്റെ മകൻ ചിരിക്കുക മാത്രമല്ല ഇതുകൊണ്ടാണ് വയസ്സായ ആളുകൾ ഇന്റർനെറ്റിൽ ഒന്നും ഓർഡർ ചെയ്യരുത് എന്ന് പറയുന്നത് എന്നും പറഞ്ഞു”, ഹെഡ്ജ് ബർളി ദി മിററിനോട് പറഞ്ഞു. പണം തിരികെ ലഭിക്കാൻ വേണ്ടി വിൽപ്പനക്കാരനെ സമീപിചെങ്കിലും അനുകൂലമായ മറുപടിയല്ല ലഭിച്ചത്. ക്രെഡിറ്റ് കാർഡ് മുഖേന പണമടച്ചാൽ ആ വഴിക്ക് പണം തിരികെ ക്ലെയിം ചെയ്യാൻ കഴിയുമെന്ന് ബർളി പ്രതീക്ഷിക്കുന്നു.