മികച്ച സിനിമക്കുള്ള ഓസ്‌കര്‍ നേടിയ കൊറിയന്‍ ചിത്രം പാരാസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയടിയാണെന്ന ആരോപണവുമായി നിര്‍മ്മാതാവ് രംഗത്ത്. പാരസൈറ്റ്, മിന്‍സാര കണ്ണാ എന്ന തമിഴ് സിനിമയുടെ കോപ്പിയടിയാണെന്ന് നിര്‍മാതാവ് പിഎല്‍ തേനപ്പന്‍ ആരോപിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം. നാല് ഓസ്‌കറുകള്‍ സ്വന്തമാക്കിയിരിക്കുന്ന പാരസൈറ്റ് കോപ്പിയടിയാണെന്ന് ചൂണ്ടിക്കാട്ടി വിജയ് ഫാന്‍സ് ആണ് ആദ്യമായി രംഗത്തെത്തിയത്. കെഎസ് രവികുമാര്‍ 1999ല്‍ സംവിധാനം ചെയ്ത ചിത്രം മിന്‍സാര കണ്ണായുടെ തനി പകര്‍പ്പാണിതെന്ന് അവര്‍ ആരോപിച്ചു.
അതേസമയം,തന്റെ സിനിമയ്ക്ക് രാജ്യാന്തരശ്രദ്ധ കിട്ടുന്നതില്‍ സന്തോഷമുണ്ടെന്ന് രവികുമാര്‍ പറഞ്ഞു. ആ സിനിമയ്ക്ക് ഓസ്‌കര്‍ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും കേസ് കൊടുക്കുന്നത് നിര്‍മാതാവിന്റെ തീരുമാനത്തിന് വിടുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരാസൈറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പിഎല്‍ തേനപ്പന്‍ പറഞ്ഞു. ഒരു രാജ്യാന്തര അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്യും. നമ്മുടെ ചില സിനിമകള്‍ അവരുടെ സിനിമകളില്‍ നിന്ന് പ്രചോദനം നേടിയതാണെന്ന് പറയുമ്പോള്‍ അവര്‍ കേസ് കൊടുക്കുന്നുവെന്നും നമ്മളും അതുപോലെ ചെയ്യണമെന്നും തേനപ്പന്‍ കൂട്ടിച്ചേര്‍ത്തു.