വന്ന വഴി മറക്കാത്ത ഗൾഫുകാരന്റെ സേവ് ദ് ഡേറ്റ് ഇങ്ങനെയിരിക്കും. എന്താണെന്നല്ലേ ? ഗൾഫിലേക്ക് പോകും മുമ്പ് റോബിൻ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. നാട്ടിലെത്തി ഒരു കല്യാണം കഴിച്ച് സെറ്റിൽ ആകാമെന്നു കരുതിയപ്പോൾ മുറ പോലെ വ്യത്യസ്തമായ ഒരു സേവ് ദ് ഡേറ്റ് വേണമെന്ന് ആഗ്രഹം. എന്നാൽ ഓട്ടോറിക്ഷ ഡ്രൈവർ ആയാലോ എന്നായിരുന്നു ഫൊട്ടോഗ്രഫറുടെ ചോദ്യം. മുൻപ് കുറച്ചുകാലം ചെയ്തിട്ടുള്ള ജോലി ആയതിനാൽ റോബിന്‍ ഉടനെ സമ്മം മൂളി. അങ്ങനെയാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രണയം സേവ് ദ് ഡേറ്റിലായത്.
മുണ്ടക്കയം സ്വദേശികളായ റോബിനും അനിലയുമാണ് ഓട്ടോറിക്ഷ ഡ്രൈവർമാരായി പ്രണയിച്ചു തകർത്തത്. ആത്രേയ ഫൊട്ടോഗ്രഫിയിലെ ജിബിനെയാണ് സേവ് ദ് ഡേറ്റിനായി സമീപിച്ചത്. പഠിക്കുന്ന സമയത്ത് റോബിന്റെ വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു ഓട്ടോറിക്ഷ. ആ പഴയ ഓർമകൾ പൊടിതട്ടി എടുക്കാം എന്നായിരുന്നു ജിബിന്റെ ആശയം കേട്ടപ്പോൾ റോബിൻ ചിന്തിച്ചത്. അനിലയും പൂർണ സമ്മതം അറിയിച്ചതോടെ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രണയം തളിരിട്ടു.
കൊടുക്കുത്തിയിലുള്ള ഓട്ടോ സ്റ്റാന്‍ഡിലായിരുന്നു ഷൂട്ട്. സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ പൂർണ സഹകരണവുമായി ഒപ്പം നിന്നു. അതോടെ ഡ്രൈവർമാരുടെ ജീവിതത്തിലെ സംഭവങ്ങളും പ്രണയവും ഇഴചേർത്ത് ഒരുക്കിയ സേവ് ദ് ഡേറ്റ് സേവ് ദ് ഡേറ്റ് വിചാരിച്ചതിലും ഗംഭീരമായി.
‘വന്ന വഴി മറക്കാത്ത ഗൾഫുകാരന്റെ പ്രണയം’ എന്ന ക്യാപ്ഷനോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ സേവ് ദ് ഡേറ്റ് വൈറലാണ്. റോബിന്‍ അബുദാബിയിൽ ഇലക്ട്രീഷനാണ്. അനില സ്റ്റാഫ് നഴ്സ് ആണ്. നവംബർ 23ന് ആണ് ഇവരുടെ വിവാഹം.