കരി, സൂഫിയും സുജാതയും എന്നീ സിനിമകളുടെ സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ മരണത്തില്‍ വേദനയോടെ മലയാള സിനിമ. ഷാനവാസിന്റെ വിയോഗത്തില്‍ അനുശോചനങ്ങളുമായി സിനിമാലോകത്തു നിന്നും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. വിജയ് ബാബു, സാന്ദ്ര തോമസ്, ജയസൂര്യ തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്‍റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്ന സിനിമയാണ്. കൂടാതെ ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.
പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിൽ അട്ടപ്പാടിയിൽ ആയിരിക്കെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്‍റെ സ്വദേശം. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെ സംവിധായകൻ മരിച്ചതായി അഭ്യൂഹം പരന്നിരുന്നെങ്കിലും നടനും നിർമ്മാതാവുമായ വിജയ് ബാബു അത് അടിസ്ഥാന രഹിതമായ വാർത്ത ആണെന്ന് കാട്ടി രംഗത്തെത്തിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. മലയാളത്തിൽ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസായിരുന്നു. ജയസൂര്യയെ കൂൂടാതെ അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്.