ഇംഗ്ലണ്ടിലെ സോമർസെറ്റ് സ്വദേശിയായ മാർട്ടിൻ ഭാര്യ റാഫേലിനൊപ്പം മാലിദ്വീപിലെ ഫുവാഹ്മുലയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ്. പക്ഷെ ലോകം മുഴുവൻ ജനങ്ങളെ കുടുകുടെ ചിരിപ്പിക്കുന്ന ഒരു വൈറൽ വിഡിയോയിൽ ചെന്നുപെടാനാണ് താൻ മാലിദ്വീപിലെത്തിയത് എന്ന് മാർട്ടിൻ ഒരിക്കലും ധരിച്ച് കാണില്ല. ഫുവാഹ്മുലയിൽ നടക്കാനിറങ്ങിയ മാർട്ടിനും റാഫേലും നടന്ന് നടന്ന് ഒരു ചതുപ്പ് പ്രദേശത്തെത്തി. ചെളി നിറഞ്ഞ സ്ഥലം താണ്ടി മുന്നോട്ട് പോവാൻ റാഫേൽ തീരുമാനിച്ചെങ്കിലും മാർട്ടിന് കാലിൽ ചെളി പറ്റുന്നത് അത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല. എങ്കിലും ഒടുവിൽ വെള്ളക്കെട്ട് കുറഞ്ഞ ഭാഗത്തുകൂടെ ചതുപ്പ് ഭാഗം മുറിച്ചു കടക്കാൻ മാർട്ടിൻ തീരുമാനിച്ചു. മാർട്ടിന്റെ മുഖഭാവം കണ്ട് കൗതുകം തോന്നിയ റാഫേൽ ഉടനെ തന്റെ മൊബൈൽ ക്യാമറയിൽ ദൃശ്യം പകർത്തി.
“ഞാൻ എങ്ങനെയാണ് ചതുപ്പ് കടക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല, എന്റെ പാന്റ്സിൽ ചെളി പാറ്റി. എന്റെ കാലുകളുടെ അവസ്ഥ നോക്കൂ” എന്നൊക്കെ മാർട്ടിൻ പറയുന്നത് വിഡിയോയിൽ വ്യക്തം. ഒടുവിൽ വെള്ളം കുറവുള്ള ഒരു ഭാഗത്തേക്ക് കാൽച്ചവിട്ടി ചാടിക്കടക്കാൻ ശ്രമിക്കുന്ന മാർട്ടിന് പണി കിട്ടി. മൂടിയില്ലാത്ത ആൾനൂഴി ആയിരുന്നു അത്. ഒറ്റസെക്കന്റിൽ മാർട്ടിന് പൂർണമായും ആ ചളിക്കുഴിൽ വീണു. പൂർണമായും ചെളിവെള്ളത്തിൽ മുങ്ങി ഒന്ന് രണ്ട് സെക്കന്ഡിന് ശേഷമാണ് മാർട്ടിൻ പൊങ്ങിവന്നത്. വീഡിയോ എടുത്തുകൊണ്ടിരുന്ന റാഫേൽ ഈ ദൃശ്യം കണ്ട് ചിരിയടക്കാൻ പാടുപെടുന്നത് വിഡിയോയിലുണ്ട്.
“ഞാൻ ദ്വാരത്തിലേക്ക് വീണപ്പോൾ ആകെ ഞെട്ടിപ്പോയി. ഞാൻ താഴേക്ക് പോകിക്കൊണ്ടിരുന്നു, ദ്വാരത്തിന് 9 മുതൽ 10 അടി വരെ ആഴമുണ്ട്. ഞാൻ അല്പം പേടിച്ചു. നീന്താൻ അറിയാവുന്നതുകൊണ്ട് മുകളിലേക്ക് കയറിവന്നു”, ഡെയ്‌ലി മെയിനോട് മാർട്ടിൻ പറഞ്ഞു. പുറത്ത് വന്ന തന്നെ നോക്കി ഭാര്യ 10 മിനിറ്റ് ചിരിച്ചെന്നും ശേഷം മോപ്പഡിൽ കയറി അടുത്തുള്ള കടൽ തീരത്ത് ചെന്നാണ് തൻ കഴുകി വൃത്തിയായത് എന്നും മാർട്ടിൻ പറയുന്നു.