ഒരു ചെറിയ അശ്രദ്ധ മൂലം ലോ കം മുഴുവൻ ഇപ്പോൾ മരണത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ തന്നെ 34കാരനായ ലീ വെന്‍ലിയാങ് എന്ന ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധനായിരുന്നു ലീ വെന്‍ലിയാങ്. ജില്ലയിലുടനീളം ആളുകളെ ഒരു വൈറസ് ബാധിക്കുന്നതായി മുന്‍കൂട്ടി കണ്ട അദ്ദേഹം ഇക്കാര്യം സുഹൃത്തുക്കളായ ഡോക്ടര്‍മാരുമായി ഡിസംബര്‍ 30ന് മുമ്ബ് തന്നെ പങ്കുവെച്ചിരുന്നു.
സർസിനോട് സാമീപ്യമുള്ള ഏഴു രോഗികൾ തങ്ങളുടെ ആശുപത്രിയിൽ ഉണ്ടെന്നു, എല്ലാവരും ഒരേ മാര്‍ക്കറ്റില്‍നിന്ന് മൃഗ മാംസം വാങ്ങി ഭക്ഷിച്ചിരുന്നവരാണെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ആവശ്യം. ലീയുടെ ഈ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചൈനീസ് സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കുന്നതിന് പകരം, അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ജനുവരി മൂന്നിന് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചു. നിയമനടപടികള്‍ ഉണ്ടായതോടെ തനിക്ക് തെറ്റുപറ്റിയെന്നും, ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്നും ഡോക്ടര്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് അധികൃതര്‍ നടപടികള്‍ അവസാനിപ്പിച്ചത്.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഡോക്ടറുടെ മുന്നറിയിപ്പ് സത്യമാകുന്നതിനാണ് ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചത്. രോഗികളെ ചികിത്സിച്ച ലീ വെന്‍ലിയാങ് ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ രോഗം ബാധിച്ച് മരിച്ചു. ലക്ഷക്കണക്കിനാളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് ലോകം മുഴുവന്‍ വൈറസ് പടര്‍ന്നു. ഫലപ്രദമായ മരുന്ന് കണ്ടെത്താത്തതിനാല്‍ വൈറസിനെ വരുതിയിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടുമില്ല. ഒടുവില്‍ അന്നൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ലോകം മുഴുവന്‍ രോഗം വ്യാപിക്കില്ലായിരുന്നെന്നും,ഡോക്ടറായിരുന്നു ശരിയെന്നും ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞിരിക്കുകയാണ്. ലീ വെന്‍ലിയാങ്ങിന്റെ കുടുംബത്തോട് അധികൃതര്‍ മാപ്പ് പറഞ്ഞു.
ലീയുടെ കുടുംബത്തിന് “മാപ്പപേക്ഷ” നല്‍കിയിട്ടുണ്ടെന്നും, ലിയ്ക്കെതിരെ നടപടി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.