എൺപതാം വയസ്സിൽ 35കാരനുമായുള്ള പ്രണയം വെളിപ്പെടുത്തി വാർത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് ഐറിസ് ജോൺസ് എന്ന ബ്രിട്ടീഷുകാരി. മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്ന ഈജിപ്തുകാരനാണ് കഥയിലെ നായകൻ. ഫെയ്സ്ബുക്കിലൂടെ തുടങ്ങിയ പ്രണയം ഇപ്പോൾ പിരിയാനാകാത്ത വിധം ശക്തമായി. അതിനാൽ വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
പ്രണയം കടുത്തതോടെ മുഹമ്മദിനെ കാണാനായി ഐറിസ് കെയ്റോയിൽ എത്തി. അവിടെ ഒന്നിച്ച് താമസിച്ചു. ഇതോടെ പിരായാനാകത്ത വിധം അടുത്തു. എന്നാൽ വിവാഹിതരാകാം എന്നായി ഇരുവരും. ബ്രട്ടീഷ് എംബസ്സിയുമായി ബന്ധപ്പെട്ട് അതിനുള്ള നടപടികളും ആരംഭിച്ചു. ആദ്യ വിവാഹത്തിൽ നിന്നും മോചിതയായെന്നും മറ്റു ബാധ്യതകൾ ഇല്ലെന്നും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഇതിനായി തിരിച്ച് ബ്രിട്ടനിൽ എത്തിയിരിക്കുകയാണ് ഐറിസ് ഇപ്പോൾ. ഇതിനിടയിൽ ഒരു ടിവി ഷോയിൽ പങ്കെടുത്താണ് വെളിപ്പെടുത്തലുകൾ നടത്തിയത്. പണത്തിനു വേണ്ടിയാണ് മുഹമ്മദിന്റെ പ്രണയമെന്ന ആരോപണം ഐറിസ് നിഷേധിച്ചു. ‘‘അദ്ദേഹം എന്നോട് ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ല. എന്റെ കയ്യിൽ ഒരുപാട് പണവുമില്ല. മക്കൾക്കു വേണ്ടതെല്ലാം ഞാൻ ചെയ്തു കഴിഞ്ഞു. അവർക്കു വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. ഇനി എനിക്ക് കുറച്ച് സ്വാർത്ഥയാകണം. എന്റെ സന്തോഷം കണ്ടെത്തണം. കുറേ പണം ഉണ്ടായാല്‍ സന്തോഷം കിട്ടില്ല’’– ഐറിസ് പറഞ്ഞു.
ഐറിസിന്റെ പ്രണയം വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. പ്രണയത്തിന് പ്രായം ഒരു തടസ്സമില്ലെന്നും അവർ ഇഷ്ടമുള്ളതു പോലെ ജീവിക്കട്ടേ എന്നുമാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ പണത്തിനു വേണ്ടിയാണ് ഈ വിവാഹമെന്ന് വാദിക്കുന്നവരുണ്ട്.