20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിരത്നം ഒരുക്കിയ ചിത്രമായിരുന്നു അലൈപായുതേ. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാര്‍ത്തിക്കും ശക്തിയും അവരുടെ തീവ്രമായ പ്രണയവും വിരഹവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ. തനിക്ക് പ്രണയിക്കാന്‍ തോന്നിയത് ഈ ചിത്രം കണ്ടതിന് ശേഷമാണെന്നാണ് സുപ്രിയ പറയുന്നത്.
‘ദൈവമേ! ഈ അപൂര്‍വ ഇതിഹാസ പ്രണയകാവ്യം ഇറങ്ങിയിട്ട് 20 വര്‍ഷമായെന്നോ… ഈ സിനിമ കണ്ട് എന്റെ ഹൃദയം തുടിച്ചിട്ടുണ്ട്, രോമാഞ്ചം കൊണ്ടിട്ടുണ്ട്… ഈ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിനു ശേഷമാണ് പ്രണയമെന്ന ആശയത്തോടു തന്നെ പ്രണയം തോന്നിത്തുടങ്ങിയത്.. ഇതിലെ സംഗീതം.. അതും നമ്മെ മറ്റൊരു ലോകത്ത് കൊണ്ടു ചെന്നെത്തിക്കും.’സുപ്രിയ കുറിച്ചു. സുപ്രിയയുടെ കുറിപ്പിനു താഴെ കമന്റുമായി പൂര്‍ണിമയുമെത്തി. താനും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചു പുറത്തുപോയി കണ്ട ചിത്രമാണിതെന്നാണ് പൂര്‍ണിമ പറയുന്നത്. ‘ഈ ചിത്രത്തിന് ഞങ്ങളുടെ ഹൃദയത്തിലും പ്രത്യേക സ്ഥാനമുണ്ട്. ആദ്യ ഡേറ്റില്‍ ഞാനും ഇന്ദ്രനും ഒന്നിച്ചുകണ്ട ചിത്രം കൂടിയാണിത്. ഇന്ദ്രന്‍ പോപ്‌കോണ്‍ പങ്കുവയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞതും അന്നാണ്.’-പൂര്‍ണിമ കുറിച്ചു.