
ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ചയാളാണ് സനുഷ സന്തോഷ്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം താരം പ്രവര്‍ത്തിച്ചിരുന്നു. നായികയായി അരങ്ങേറിയ താരത്തിന് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സനുഷ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ബോഡി ഷെയ്മിങ്ങ് കമന്റുകള്‍ വല്ലാതെ ദേഷ്യം പിടിക്കുന്നതാണെന്ന് സനുഷ പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കിട്ടത്. പഠനത്തിന്റെ തിരക്കിലായിരുന്നു. അതിനിടയില്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്നു. മലയാളത്തിലായിരുന്നു ബ്രേക്ക്. എവിടെയായിരുന്നു എന്ന് എല്ലാവരും ചോദിക്കാറുണ്ടെന്നും സനുഷ പറഞ്ഞിരുന്നു. നമ്മുടെ വീട്ടിലെ കുട്ടിയായാണ് പലരും വിശേഷിപ്പിക്കാറുള്ളത്.

അങ്ങനെയുള്ള പരിഗണന ഞാന്‍ ശരിക്കും ആഘോഷിക്കാറുണ്ട്. ഇത്രയും കാലമായിട്ട് ഇന്ഡസ്ട്രിയിലുള്ളതിന്റെ കെയര്‍ കിട്ടാറുണ്ട്. മുന്‍പ് വീട്ടിനകത്ത് മാത്രമുണ്ടായിരുന്ന വേര്‍ഷന്‍ ഇപ്പോള്‍ നാട്ടിലും തുടങ്ങിയെന്നുള്ളതാണ് ബോള്ഡ്നെസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സനുഷയുടെ മറുപടി. നാട്ടുകാര്‍ സ്വഭാവം അറിഞ്ഞ് തുടങ്ങി. എനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കുന്ന പ്രകൃതമാണ്. ഇടയ്ക്ക് പുറകിലേക്ക് ഒന്ന് ഉള്‍വലിഞ്ഞ അവസ്ഥയുണ്ടായിരുന്നു.
എന്റെ തുറന്നുപറച്ചില്‍ കൊണ്ട് മറ്റൊരാള്‍ക്ക് സഹായകമായി തോന്നുകയാണെങ്കില്‍ എന്ന് കരുതിയാണ് കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രേമനൈരാശ്യമാണോ എന്ന് ചോദിച്ചവരോട് നിങ്ങള്‍ എപ്പോഴാണ് എന്റെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയത് എന്നായിരുന്നു എന്റെ മറുപടിയെന്നും സനുഷ പറയുന്നു. എന്നേയും എന്റെ വീട്ടുകാരേയും മാത്രമാണ് എനിക്ക് ബോധ്യപ്പെടുത്തേണ്ടതുള്ളൂ. എനിക്ക് ചെയ്യാനുള്ളത് ഞാന്‍ ചെയ്തുകൊണ്ടിരിക്കും. ഡിപ്രഷനെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ ഫാമിലി ശക്തമായ പിന്തുണയാണ് തന്നത്.

എന്ത് ഹെല്പ്പാണ് നിനക്ക് വേണ്ടത് എന്ന് ചോദിച്ച് അവര്‍ എനിക്കൊപ്പമുണ്ടായിരുന്നു. ആരോഗ്യ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും സിനിമയെ സീരിയസായി അപ്രോച്ച് ചെയ്യാനും പഠിച്ചത് ഈ വര്‍ഷമാണ്. അതേ പോലെ തന്നെ മരതകം ചെയ്യാന്‍ തീരുമാനിച്ചതും ഈ വര്‍ഷത്തെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. എന്നെക്കൊണ്ടിത് ചെയ്യാന്‍ പറ്റുമോയെന്ന് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ഞാന്‍ ഡോണയായി ജീവിക്കുകയാണ്.
എനിക്ക് ജാഡയുണ്ടെന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, അങ്ങനെ കേള്‍ക്കുന്നതിലൊന്നും പ്രശ്നമില്ല. ആ പറഞ്ഞത് പലരും പിന്നീട് തിരുത്തിപ്പറയാറുണ്ട്. ബോഡി ഷെയ്്മിങ്ങ് കമന്റുകള്‍ ബുദ്ധിമുട്ടാക്കാറുണ്ട്. എനിക്ക് ഫുഡ് കഴിക്കാന്‍ ഒരുപാട് ഇഷ്ടമാണ്, നിയന്ത്രണങ്ങളൊന്നുമില്ലായിരുന്നു. എനിക്ക് പിസിഒഡി വന്നപ്പോഴാണ് ഫുഡൊക്കെ കണ്ട്രോള് ചെയ്ത് തുടങ്ങിയത്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട് നമ്മള് ബോദര്‍ ചെയ്യണ്ട കാര്യമില്ല. എന്തൊരു തടിയാണ്, പണ്ടായിരുന്നു ഭംഗി എന്ന് ഒരാളോട് പറയുമ്പോള്‍ അയാള്‍ ഏത് സിറ്റുവേഷനിലൂടെയാണ് കടന്നുപോവുന്നതെന്നറിയില്ല. ജീവിതം മടുക്കാനും സെല്‍ഫ് കോണ്ഷ്യസാവാനുമൊക്കെ ഒരാളെ എത്തിക്കുന്ന കമന്റാണ് ഇതെന്നും സനുഷ പറയുന്നു.
