മനസ്സും വയറും നിറക്കുന്ന യശോദാമ്മ. “ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി”.സംസാരംപോലെതന്നെ മധുരമാണ് യശോദാമ്മ വിളമ്പുന്ന ഭക്ഷണവും. കാശിന്റെ കണക്ക് നോക്കിയല്ല വരുന്നവര്‍ക്കായി യശോദാമ്മ ഭക്ഷണം തയ്യാറാക്കുന്നത്.
വയ്ക്കാനും വിളമ്പാനും ചെറുപ്പംമുതലേയുള്ള ഇഷ്ടംകൊണ്ടാണ്. കൊല്ലം തേവള്ളിയിലെ കാഞ്ഞിരംവിള വീടിനോട് ചേര്‍ന്നുള്ള ചെറിയ ഷെഡ്ഡിലാണ് അമ്മയുടെ ഈ അടുക്കളയുള്ളത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മറ്റ് ഹോട്ടലുകളുടേതുപോലെ ബില്ലൊന്നുമില്ല. കഴിക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളകാശ് കൊടുത്താല്‍മതി. ഇവിടെ മുതലാളിയും തൊഴിലാളിയും സഹായിയുമെല്ലാം യശോദാമ്മ എന്ന ഒറ്റയാള്‍പട്ടാളമാണ്. രാവിലെ അഞ്ചുമണിക്ക് ഉണരും. പിന്നെ ഉച്ചയൂണ് തയ്യാറാക്കലിന്റെ തിരക്കിലേക്ക്. അന്‍പതുപേര്‍ക്കുള്ള ഊണ് മാത്രമാണ് മിക്കപ്പോഴും തയ്യാറാക്കുന്നത്. ഊണെന്ന് പറഞ്ഞാല്‍ മാത്രംപോരാ നിരവധി വിഭവങ്ങളുള്ള ഒരു ചെറിയസദ്യ എന്ന് പറയുന്നതാകും നല്ലത്. അമ്മച്ചിയുടെ ഈ ചെറിയ അടുക്കളയില്‍ കഷ്ടിച്ച് പത്തുപേര്‍ക്ക് ഇരിക്കാനുള്ള സ്ഥലമാണുള്ളത്. ഇവിടെ വിഭവങ്ങളെല്ലാം നിരത്തിവച്ച് യശോദാമ്മ പോകും. ആവശ്യമുള്ളത് എടുത്ത് കഴിക്കാം. ആരും ചോദിക്കാന്‍ വരില്ല. വയറുനിറയുമ്പോൾ അവിടെ വച്ചിരിക്കുന്ന ചെറിയ പാത്രത്തില്‍ കാശ് ഇട്ടിട്ട് പോയാല്‍ മതി. വീടിനുസമീപം ബാങ്ക് കോച്ചിങ്ങിനായെത്തിയ കുട്ടികളാണ് ഭക്ഷണം തയ്യാറാക്കിത്തരാമോ എന്ന് ചോദിച്ചത്. അവര്‍ക്കായി ഭക്ഷണം ഉണ്ടാക്കിത്തുടങ്ങിയതാണ്. അമ്മച്ചിയുടെ അടുക്കളയെപ്പറ്റി കേട്ടറിഞ്ഞ് പിന്നീട് കുറെയാളുകള്‍ എത്തി.
ഇവിടെയിങ്ങനെയാണ്, പോക്കറ്റ് കാലിയാകാതെ മനസ്സുനിറഞ്ഞ് ഭക്ഷണം കഴിക്കാം. അടിക്കടി ഭക്ഷണവില കൂട്ടുന്നവര്‍ക്ക് മാതൃകയാണ് യശോദമ്മയും ഈ ചെറിയ അടുക്കളയും. റൂട്ട്: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും വെറും രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ഈ അമ്മയുടെ കട. അഞ്ചാലുംമൂട് റൂട്ടില്‍ രാമവര്‍മ്മ ക്ലബിന്റെ മതിലിനോട് ചേര്‍ന്ന് അകത്തേക്ക് നടന്ന് കയറിയാല്‍ യശോദാമ്മയുടെ ഈ കടയിലേക്കെത്താം.