ഋഷി കപൂറിന്റെ ശവസംസ്കാര ചടങ്ങില്‍ മൊബൈലുമായി പ്രത്യക്ഷപ്പെട്ട ആലിയ ഭട്ടിനെതിരെ വിവിധകോണുകളിൽ നിന്നും വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. ഫോണ്‍ പിടിച്ച് നില്‍ക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ട്രോളുകളും വിമര്‍ശനങ്ങളും എത്തിയത്. എന്നാല്‍ സത്യം മറ്റൊന്നാണ്.
ലോക്ഡൗണ്‍ കാലത്ത് ശവസംസ്‌ക്കാര ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന ഋഷി കപൂറിന്റെ മകള്‍ റിധിമയ്ക്ക് അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ കാണാനായിരുന്നു ആലിയ ഫോണുമായെത്തിയത്. ഡല്‍ഹിയില്‍ താമസിക്കുന്ന റിധിമയ്ക്കും കുടുംബത്തിനും ലോക്ഡൗണ്‍ കാരണം മുംബൈയില്‍ എത്താന്‍ സാധിച്ചിരുന്നില്ല. പൊലീസ് പ്രത്യേക യാത്രാ അനുമതി നൽകിയെങ്കിലും സംസ്കാരത്തിനെത്താനായില്ല. ഇതോടെയാണ് സംസ്കാരചടങ്ങുകൾ തത്സമയം റിധിമയെ കാണിക്കുവാൻ ഫോണുമായി ആലിയ എത്തിയത്.
കുടുംബാംഗങ്ങൾ, സഹോദരൻ രൺധീർ കപൂറിന്റെ മകൾ കരീന, ഭർത്താവ് സെയ്ഫ് അലിഖാൻ, ആലിയ ഭട്ട്, അഭിഷേക് ബച്ചൻ, അനിൽ അംബാനി തുടങ്ങി 20 പേർ സംസ്കാരചടങ്ങിൽ പങ്കെടുത്തു. ഋഷി കപൂറിന്റെ സഹോദരി ഋതു നന്ദ 3 മാസം മുൻപാണ് അർബുദത്തെ തുടർന്നു മരിച്ചത്.