തനിക്കും അമ്മയ്ക്കും ഊബര്‍ ഡ്രൈവറില്‍നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അഹാന കൃഷ്ണ. അഹാനയും അമ്മ സിന്ധു കൃഷ്ണയും കൊച്ചിയില്‍ വച്ച് യാത്ര ചെയ്യാനായി ബുക്ക് ചെയ്ത വാഹനത്തിലെ ഡ്രൈവറില്‍ നിന്നാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. കാര്‍ ബുക്ക് ചെയ്ത് കൃത്യസമയത്തുതന്നെ എത്തി, എന്നാല്‍ പേയ്മെന്‍റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചുതുടങ്ങിയ ഡ്രൈവര്‍ പിന്നീട് അങ്ങോട്ട് മോശമായി പെരുമാറുകയായിരുന്നുവെന്ന് ആഹാന പറഞ്ഞു. കാര്‍ഡ് ആണെന്ന് മറുപടി പറഞ്ഞപ്പോള്‍ അത് ക്യാഷ് ആക്കണമെന്നതായിരുന്നു ആവശ്യം. ആജ്ഞാപിക്കുകയായിരുന്നു അയാള്‍. തനിക്ക് പെട്രോള്‍ അടിക്കണമെന്നാണ് ഇതിനായി അയാള്‍ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് അഹാന പറഞ്ഞെങ്കിലും അപ്പോഴേക്കും ‘നിങ്ങളുടെ കാര്‍ഡ് ഒന്നും എനിക്ക് വേണ്ട’ എന്ന് പറഞ്ഞ് ഊബര്‍ ഡ്രൈവര്‍ തട്ടിക്കയറുകയായിരുന്നു. ഊബര്‍ കാര്‍ഡ്, ക്യാഷ് എന്നീ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇത്ബ ഊബറിന്‍റെയല്ല, എന്‍റെ വണ്ടിയാണെന്നായിരുന്നു അയാളുടെ മറുപടി.
അവസാനം തന്‍റെ കാറില്‍നിന്ന് ഇറങ്ങണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. കാറില്‍ നിന്ന് ഇറങ്ങിയതോടെ കാറിന്‍റെ ഫോട്ടോ എടുക്കാന്‍ അമ്മ തന്നോട് ആവശ്യപ്പെട്ടു. ഇത് കേട്ടയുടനെ എന്നാല്‍ കയറ് താന്‍ കൊണ്ടുവിടാം എന്ന് അയാള്‍ പറഞ്ഞു. അതിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ് മറ്റൊരു വാഹനം ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ഇയാള്‍ വീണ്ടുമെത്തി കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്നും അഹാന പറഞ്ഞു. ഊബര്‍ ഡ്രൈവറുടെ മോശം പെരുമാറ്റത്തിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അഹാന വ്യക്തമാക്കി., രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെങ്കിലോ എന്ന് ചോദിച്ച അഹാന ഇത്തരത്തിലാണ് ഊബര്‍ പോലുള്ള കമ്പനികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതെന്നും പറയുന്നു. വിന്‍സെന്‍റ് എന്ന് പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം അഹാന തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാളുടെ വണ്ടി ഒരിക്കലും ബുക്ക് ചെയ്യരുതെന്നാണ് പോസ്റ്റില്‍ അഹാന ആവശ്യപ്പെടുന്നത്.