ജീവിതത്തില്‍ സര്‍പ്രൈസുകള്‍ ഇഷ്ടപ്പെടാത്ത ആരുമുണ്ടാകില്ല. പിറന്നാളുകള്‍, വിവാഹ വാര്‍ഷിക ആഘോഷങ്ങള്‍ അങ്ങനെ വിശേഷ ദിവസങ്ങളില്‍ നമുക്ക് അടുപ്പമുള്ള ആരെങ്കിലുമൊക്കെ നമുക്ക് സര്‍പ്രൈസുകള്‍ തന്നിട്ടുണ്ടാകാം. ജീവിതത്തില്‍ മറ്റൊരാളെ സന്തോഷിപ്പിക്കുന്നതിലും വലിയ കാര്യമൊന്നുമില്ല. നമ്മള് ചെയ്യുന്ന ചെറുതും വലുതുമായ പല കാര്യങ്ങള്‍ക്കും പലരുടെയും മുഖത്ത് ഒരു ചെറു പുഞ്ചിരി സൃഷ്ടിക്കാന്‍ കാരണമായേക്കാം അല്ലെ. സ്വന്തം പിറന്നാളിന് വളരെ സ്പെഷ്യലായിട്ടുള്ള ഒരാള്‍ക്ക് സര്‍പ്രൈസ് കൊടുത്ത രണ്ട് കോളേജ് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.

വിഹായസ് എന്ന വിദ്യാര്‍ത്ഥിയുടെ പിറന്നാളാണ് അവനും സുഹൃത്തും കൂടി വേറിട്ട രീതിയില്‍ ആഘോഷിച്ചത്. ദിവസവും രാവിലെ ഇവര്‍ കോളേജില്‍ പോകുമ്പോള്‍ ഒരു വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഒരു കൊച്ചുകുട്ടി ഇവരെ നോക്കി കൈ വീശുകയും ചിരിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരനായ ചിണ്ടുവായിരുന്നു അത്. ഒരു പരിചയവുമില്ലാത്ത ഇവരെ നോക്കി കൈ വീശുന്നതും ചിരിക്കുന്നതും അവന് വലിയ ഇഷ്ടമായിരുന്നു.
അങ്ങനെ തന്റെ പിറന്നാള്‍ ഈ കുട്ടിയോടൊപ്പം ആഘോഷിക്കണമെന്ന് വിഹായസ് തീരുമാനിച്ചു പക്ഷെ അവന്റെ വീട് ഇവര്‍ക്കറിയില്ലായിരുന്നു. 20ാം പിറന്നാള്‍ ആഘോഷിക്കാന്‍ അങ്ങനെ വിഹായസും കൂട്ടുകാരിയും കൂടി ചിണ്ടു കൈ വീശി കാണിച്ചിരുന്ന അവന് താമസിക്കുന്ന ആ കെട്ടിടത്തിലേക്ക് നടന്നു. ഫ്ളാറ്റ് പോലെയൊരു കെട്ടിടമായത് കൊണ്ട് തന്നെ നിരവധി വീടുകള്‍ കയറി ഇറങ്ങിയതിന് ശേഷമാണ് ചിണ്ടുവിന്റെ വീട് അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചത്. ചെറിയൊരു കേക്കുമായാണ് അവര്‍ ചിണ്ടുവിന്റെ വീട്ടിലെത്തിയത്.
ദിവസവും കൈ വീശി കാണിച്ചിരുന്ന തന്റെ കൂട്ടുകാര്‍ നേരിട്ട് എത്തിയതോടെ ചിണ്ടു ഫുള്‍ ഹാപ്പിയായി. നിറ പുഞ്ചിരിയോടെയാണ് ചിണ്ടു അവരെ സ്വീകരിച്ചത്. അവന്റൊപ്പം ഇരുന്ന് വിഹായസ് കേക്ക് മുറിക്കുകയും പരസ്പരം വായില്‍ വച്ച് നല്‍കുകയും ചെയ്തു. സംസാരിക്കാന്‍ കഴിയില്ലെങ്കിലും ചിണ്ടുവിന്റെ സന്തോഷത്തിന്റെ വലുപ്പം അവന്റെ ചിരിയിലും പെരുമാറ്റത്തിലും കൃത്യമായി പ്രതിഫലിച്ചിരുന്നു. ഏറെ സ്നേഹത്തോടെ ഒരുപാട് നേരം അവര്‍ സമയം ചെലവഴിച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെ വിഹായസ് പങ്കുവെച്ച ഈ വീഡിയോ പലരുടെയും കണ്ണ് നിറച്ചു എന്ന് വേണം പറയാന്‍. സൗഹൃദത്തിന് ഒരു അതിര് വരമ്പുകളുമില്ല എന്നതിന് ഉത്തമ ഉദ്ദാഹരണമാണ് ഇവര്‍. ഹൃദ്യമായ ഒരു കുറിപ്പും വിഹായസ് ഈ വീഡിയോയ്ക്ക് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഇവരെ അഭിനന്ദിച്ചും പലരും വീഡിയോയില്‍ കമന്റുകളിട്ടിട്ടുണ്ട്.