ഇത് ജിമി ജോണും സുമി ജോണും .വയനാട് പുൽപള്ളി സ്വദേശികളായ ജോണിന്റെയും, മേരിയുടെയും മക്കൾ. ആറുവയസ്സുവരെ സാധാരണ കുട്ടികളെപ്പോലെ ഓടിക്കളിച്ചാണ് ഇരുവരും വളർന്നത്. എന്നാൽ പിന്നീടെപ്പോഴോ അവരുടെ പിഞ്ചുകാലുകൾ ഇടറി, ഇടയ്ക്കിടെ വീഴാൻ തുടങ്ങി.മക്കളുടെ കൈകാലുകൾക്ക് ബലം കുറയുന്നുവെന്ന് തോന്നിയപ്പോൾ ജോണും മേരിയും അവരെ ഡോക്ടറെ കാണിച്ചു. വിശദമായ പരിശോധനകൾ കഴിഞ്ഞപ്പോൾ ഇത് മസ്കുലർ ഡിസ്ട്രോഫിയെന്ന അപൂർവ ജനിതക രോഗമാണെന്ന് ഡോക്ടർ വിധിയെഴുതി. ശരീരപേശികൾ തളരുന്ന രോഗമാണിത്.
മക്കൾ ജീവിതകാലം മുഴുവൻ വീൽചെയറിൽ കഴിയേണ്ടി വരുമെന്ന് കേട്ട ജോണും മേരിയും തകർന്നുപോയി. അധികം താമസിയാതെ ഡോക്ടർ പറഞ്ഞ പോലെ ജിമിയും സുമിയും ശരീരം തളർന്ന് കിടപ്പിലായി.മസ്ക്കുലർ ഡിസ്ട്രോഫിക്ക് ആ പെൺകുട്ടികളുടെ ശരീരത്തെ മാത്രമേ തളർത്താൻ കഴിഞ്ഞുള്ളു, അവരുടെ മനസ്സ് തളർന്നില്ല. അച്ഛനും അമ്മയും ആ മനസ്സുകളെ തളരാൻ സമ്മതിക്കാതെ ഇടം വലം നിന്നു. രണ്ടുപേരും സ്കൂളിൽ ചേർന്നു. അമ്മ എന്ന അദ്ധ്യാപികയുടെ ശിക്ഷണത്തിൽ വീട്ടിൽ ഇരുന്ന് പഠിച്ചു. പരീക്ഷക്ക് മാത്രം അച്ഛന്റേയും അമ്മയുടേയും തോളിൽ കേറി സ്കൂളിൽ പോയി.
സ്കൂളിലെത്താത്ത ഇരുവർക്കും പാഠഭാഗങ്ങളുമായി അധ്യാപകരായ മധുവും, സോമനും ബീനുവും വീട്ടിലെത്തി. പഠനത്തിന് കംപ്യൂട്ടർ വാങ്ങിനൽകാനും മനസ്സിൽ കാരുണ്യം വറ്റാത്തവരുണ്ടായി. ഇവരുടെയെല്ലാം സ്നേഹത്തിന് ജിമി പകരം നൽകിയത് 2007 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 90 ശതമാനം മാർക്ക് വാങ്ങിയാണ്. 2009 ൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ഉയർന്ന മാർക്കോടെ പ്ലസ്ടുവും പാസ്സായി.കോഴിക്കോട്ടെ ബിസിനസ്സുകാരനായ തോട്ടത്തിൽ റഷീദ് ഇവരുടെ സഹായത്തിനെത്തി.
ശരീരം തളർന്ന ഇവർക്ക് മിക്ക കോളേജിലും അഡ്മിഷൻ നിഷേധിക്കപ്പെട്ടപ്പോൾ ജെ.ഡി.ടി. ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജ് ഇരുവർക്കും അവിടെ പ്രവേശനം നൽകി. ഒപ്പം പഠനച്ചെലവുകളും മറ്റും ഏറ്റെടുക്കുകയും ചെയ്തു. മക്കളുടെ കാര്യങ്ങൾക്ക് മുഴുവൻ സമയവും അമ്മ ഒപ്പം വേണമായിരുന്നു. അതിനാൽ അമ്മയ്ക്ക് ഹോസ്റ്റൽ വാർഡനായി ജോലിയും നൽകി.മൾട്ടിമീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദത്തിനാണ് ഇരുവർക്കും പ്രവേശനം ലഭിച്ചത്. പരീക്ഷകളിലെല്ലാം ഇവർ നേടിയത് തിളക്കമുള്ള വിജയങ്ങൾ. കോഴ്സിന്റെ ഭാഗമായി ഇവർ രണ്ട് വിഷ്വൽ പോജക്ടുകളും ചെയ്തു. ഒരു ഡോക്യുമെന്ററിയും, ഒരു ഹ്രസ്വ ചിത്രവും.
സ്വന്തം കഥ തന്നെയാണ് 9.45 മിനിറ്റ് ദൈർഘ്യമുള്ള ലൈഫ് ഓൺ വീൽസ് എന്ന ഡോക്യുമെന്ററിയിൽ ജിമി ചിത്രീകരിച്ചത്. സമാധി എന്ന ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും ജിമി തന്നെ ചെയ്തു. ബിഗ് വൺ എന്ന ഹ്രസ്വചിത്രമാണ് സുമി ഒരുക്കിയത്.മൂന്നുവർഷത്തെ ബിരുദ കോഴ്സ് പൂർത്തിയാക്കി കാലിക്കറ്റ് സർവകലാശാല ഫലം പുറത്തുവന്നപ്പോൾ ജിമിക്ക് ഒന്നാം റാങ്ക്. ഉയർന്ന മാർക്കുമായി സുമിയും ബിരുദം നേടി. അവിടെ നിന്ന് തന്നെ ബിരുദാനന്തര ബിരുദവും നേടി.
ഇപ്പോൾ അവിടെ തന്നെ അധ്യാപികമാരായി ജോലി ചെയ്യുകയാണ് ഇരുവരും ഒരായുഷ്കാലം മുഴുവൻ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിയിരുന്ന രണ്ട് പെൺകുട്ടികൾ ഇന്ന് ഇത്രയും നേടിയെങ്കിൽ അതിന് കാരണം ഒരു രോഗത്തിനും തളർത്താൻ കഴിയാത്ത അവരുടെ മനഃശക്തിയും അവരുടെ കൈകളും കാലുകളുമായി അവർക്ക് കരുത്തേകി അവരുടെ ഇടവും വലവും നിൽക്കുന്ന അവരുടെ അച്ഛനും അമ്മയുമാണ്. പിന്നെ അവരെ സഹായിക്കാൻ മുന്നോട്ട് വന്ന ഒരുപാട് സുമനസ്സുകളും.ജിമിയും സുമിയും ജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ.ജഗദീശ്വരൻ ദീർഘായുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.ആശംസകൾ .കടപ്പാട്.