ഇന്ത്യയുടെ ഭരണഘടനയുടെ മുഖ്യശിൽപിയെ അവതരിപ്പിക്കാൻ എന്തുകൊണ്ടാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തത്

സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റ്‌ :

മമ്മൂട്ടിയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമയാണ് ‘ഡോ.ബാബാസാഹേബ് അംബേദ്കർ’.ഇന്ത്യയുടെ ഭരണഘടനയുടെ മുഖ്യശിൽപിയെ അവതരിപ്പിക്കാൻ എന്തുകൊണ്ടാണ് മമ്മൂട്ടിയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് സംവിധായകൻ ജബ്ബാർ പട്ടേൽ നൽകിയ മറുപടി ഇതായിരുന്നു- ”അംബേദ്കറുടെ വേഷം ചെയ്യാൻ കഴിവുള്ള ഒരു നടനുവേണ്ടി ഞാൻ ഒരുപാട് അന്വേഷണങ്ങൾ നടത്തി.ഇന്ത്യയിലും വിദേശത്തുമുള്ള നൂറുകണക്കിന് അഭിനേതാക്കളെ അംബേദ്കറായി സങ്കൽപ്പിച്ചുനോക്കി.അതിനെല്ലാം ശേഷമാണ് മമ്മൂട്ടിയിലേക്ക് എത്തിയത്….”

അംബേദ്കർ സിനിമയിൽ ഒരു രംഗമുണ്ട്.ദാഹം തീർക്കാൻ മൺകൂജയിലെ വെള്ളം കുടിക്കാൻ ശ്രമിക്കുന്ന അംബേദ്കറെ സവർണ്ണർ തടയുന്നു.ആ വെള്ളം ഉന്നതകുലജാതർക്ക് മാത്രം അവകാശപ്പെട്ടതാണെത്രേ! കൂസലില്ലാതെ വെള്ളം മുക്കിക്കുടിച്ചു കൊണ്ട് അംബേദ്കർ പറയുന്നു-”ഒന്നുകിൽ‍ നിങ്ങൾ സ്വന്തം വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരൂ.അല്ലെങ്കിൽ ഞാൻ കുടിച്ച വെള്ളം ശുദ്ധീകരിക്കൂ.അതിനുള്ള മന്ത്രം ഞാൻ പറഞ്ഞുതരാം….! ”

വാണിജ്യസിനിമകളിൽ മമ്മൂട്ടി ഉച്ചരിച്ചിട്ടുള്ള മാസ് ഡയലോഗുകളേക്കാൾ മൂർച്ചയുള്ള വാക്കുകൾ!ഇതുപോലുള്ള മനോഹര രംഗങ്ങളാൽ സമ്പന്നമാണ് അംബേദ്കർ സിനിമ.ചരിത്രത്തോട് വളരെയേറെ നീതിപുലർത്തിയ കലാസൃഷ്ടി. അംബേദ്കറായി മാറുന്നതിനുവേണ്ടി മമ്മൂട്ടി ഒരുപാട് കഠിനാദ്ധ്വാനം ചെയ്തിരുന്നു.ഇംഗ്ലിഷ് സംസാരിക്കുന്ന ഭാരതീയനായ ചരിത്രപുരുഷനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.ഭാഷ നന്നാക്കുന്നതിനുവേണ്ടി അദ്ദേഹം നല്ലതുപോലെ പരിശീലിച്ചു.ഒരു മാസംകൊണ്ടാണ് ഡബ്ബിംഗ് ജോലികൾ പൂർത്തിയാക്കിയത്.

അംബേദ്കറുടെ ക്ലിപ്പിങ്ങുകളൊന്നും ലഭ്യമായിരുന്നില്ല.രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഒരു ഹ്രസ്വചിത്രം മാത്രമാണ് മമ്മൂട്ടിയ്ക്ക് ലഭിച്ചത്.അത് അദ്ദേഹം ഒരുപാട് തവണ കാണുകയും ചെയ്തു.അംബേദ്കർ സിനിമയെക്കുറിച്ച് ചോദിച്ചാൽ മമ്മൂട്ടി വികാരാധീനനാകും.പ്രൊഫഷണൽ അഭിനേതാവായ തനിക്ക് കഥാപാത്രങ്ങളോട് ആത്മാർത്ഥത കാണിക്കാനുള്ള ബാദ്ധ്യതയുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാംകൊണ്ടും ആദരിക്കപ്പെടേണ്ട സിനിമയാണ് അംബേദ്കർ.പക്ഷേ ലഭിച്ചത് അവഗണനയും നീതികേടും മാത്രം.ഇങ്ങനെയൊരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട് എന്ന് ഞാൻ അറിഞ്ഞത് വളരെ വൈകിയാണ്.ടെലിവിഷനിൽ‍ അപൂർവ്വമായേ സിനിമ വരാറുള്ളൂ.ചിത്രത്തിന്റെ മലയാളം പതിപ്പ് ഇപ്പോഴും ലഭ്യമല്ല.

f313f1ef cf lrajwsaiibi1

അംബേദ്കറിന് പലതവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്.ദളിത് നേതാവിന്റെ കഥ പറയുന്ന സിനിമ പ്രദർശിപ്പിക്കാൻ പല തിയേറ്റർ ഉടമകൾക്കും താത്പര്യമുണ്ടായിരുന്നില്ല! നിന്ദിതരും പീഡിതരുമായിരുന്ന മനുഷ്യരെ തല ഉയർത്തി നിൽക്കാൻ പഠിപ്പിച്ച വ്യക്തിയാണ് അംബേദ്കർ.അദ്ദേഹവും അവരിലൊരാളായിരുന്നു.അതുകൊണ്ടാണ് അടിച്ചമർത്തപ്പെട്ടവരുടെ പ്രശ്നങ്ങൾ ഇത്ര കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത്.

സ്ത്രീകളെക്കുറിച്ച് അംബേദ്കർ അക്കാലത്ത് എഴുതിവെച്ച വരികൾ വായിച്ചാൽ അത്ഭുതപ്പെട്ടുപോവും! അത്ര വിശാലമായ കാഴ്ച്ചപ്പാടുകൾ അദ്ദേഹത്തിന്റെ പല സമകാലികർക്കും ഇല്ലായിരുന്നു. നമ്മുടെ പാഠപുസ്തകങ്ങൾ അംബേദ്കർക്ക് സമ്മാനിച്ചത് തിരസ്കാരമാണ്.പത്താം ക്ലാസ് കഴിഞ്ഞ് സയൻസ് ഗ്രൂപ്പെടുത്ത് അനുബന്ധ കോഴ്സുകൾ പഠിക്കുന്ന ശരാശരി മലയാളി അംബേദ്കറെ അറിയാൻ ഒരു സാദ്ധ്യതയുമില്ല.ചരിത്രവും രാഷ്ട്രമീമാംസയും കൂടുതൽ പഠിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ കുറച്ചൊക്കെ അറിഞ്ഞേക്കാം.അപ്പോഴും അർഹിക്കുന്ന ബഹുമാനം അംബേദ്കറിന് ലഭിക്കുന്നില്ല എന്ന് കാണാൻ കഴിയും.

തിരസ്കാരത്തിന്റെ തോത് ഇനിയും വർദ്ധിക്കും.അംബേദ്കർ അഗ്നിക്കിരയാക്കിയ മനുസ്മൃതി ഭരണഘടനയ്ക്കുമേൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റുകൾ ഇന്ത്യയിൽ പെറ്റുപെരുകിയിരിക്കുന്നു. അതുകൊണ്ടാണ് അംബേദ്കർ പ്രതിമകൾ തകർക്കപ്പെടുന്നത്.അദ്ദേഹത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ വെളിച്ചംകാണാതെ പൊടിപിടിച്ചു കിടന്നേക്കാം. തൊട്ടുകൂടായ്മയെ മഹത്വവത്കരിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കുറച്ചുദിവസങ്ങൾക്കുമുമ്പ് കണ്ടിരുന്നു.ചാതുർവർണ്യത്തിന്റെ തിരിച്ചുവരവ് സ്വപ്നംകണ്ടുകഴിയുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്.അംബേദ്കറിന് ബ്രാഹ്മണരോട് അസൂയയായിരുന്നു എന്നൊക്കെയാണ് ചിലർ തട്ടിവിടുന്നത് !

ഇങ്ങനെയൊരു കാലഘട്ടത്തിൽ അംബേദ്കർ സിനിമയുടെ പ്രസക്തി വർദ്ധിക്കുകയാണ്.സിനിമ ഒരു ജനപ്രിയ മാദ്ധ്യമമാണ്.അനുദിനം കുറഞ്ഞുവരുന്ന വായനയേക്കാൾ ആയാസരഹിതവുമാണ്.നമ്മു­ടെ കുട്ടികൾ സിനിമ കണ്ടിട്ടെങ്കിലും അംബേദ്കറെ അറിയണം. ആ കഥാപാത്രത്തെ മമ്മൂട്ടി എന്നും തന്റെ ഹൃദയത്തോട് ചേർത്തുവെയ്ക്കുന്നു.­ബി.ബി.സിയ്ക്കുനൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു- ”അംബേദ്കർ സിനിമയുടെ ചിത്രീകരണം കാണാൻ ധാരാളം ആളുകൾ വരുമായിരുന്നു.അവരെല്ലാവരും കൈയ്യടിക്കുമായിരുന്നു.ചിലർ എന്റെ കാൽ തൊട്ട് വണങ്ങുമായിരുന്നു.അതെല്ലാം അംബേദ്കറിനുള്ളതായിരുന്നു.ഞാൻ അദ്ദേഹത്തെപ്പോലെ തോന്നിക്കുന്ന ഒരുവൻ മാത്രം.എന്നും ഒാർമ്മിക്കപ്പെടേണ്ടത് അംബേദ്കറാണ്….”

അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ട ആ മഹാനടൻ വിനയത്തിന്റെ പ്രതിരൂപമായ നിമിഷം! ജാതിഭ്രാന്ത് തുലയട്ടെ.മനുഷ്യത്വം പുലരട്ടെ.അംബേദ്കർ എന്നും മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിൽക്കട്ടെ.അദ്ദേഹത്തിന്റെ സ്മരണാർത്ഥം നിർമ്മിച്ച ചലച്ചിത്രം ഫിലിം ഫെസ്റ്റിവലുകളിൽ ഒതുങ്ങിപ്പോകാതിരിക്കട്ടെ…. Written by-Sandeep Das

Previous articleകര്‍ണാടകയില്‍ കൊവിഡ് ഹോട്ട് സ്പോട്ടിൽ ലോക്ക് ഡൗൺ ലംഘിച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് രഥഘോഷയാത്ര; വീഡിയോ
Next articleതൊണ്ണൂറുകളിലെ താരം നാല്പത്തിനാലുകാരി നടി പ്രഗതിയിടെ ഡാൻസ് വീഡിയോ.. വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here