വീട്ടിനുള്ളിൽ പാമ്പ് കയറിയാൽ നിങ്ങൾ എന്തു ചെയ്യും? തല്ലിക്കൊല്ലും, ഇറങ്ങി ഓടും എന്നൊക്കെയായിരിക്കും പലരുടേയും മറുപടി. എന്നാൽ വ്യത്യസ്തമായ രീതിയിൽ പാമ്പിനെ വീട്ടിൽ നിന്നും പുറത്തിറക്കിയ സ്ത്രീയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീട്ടിനകത്തേക്ക് ചോദിക്കാതെ കയറി വന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ആരായാലും അവരോട് മാന്യമായി ഇറങ്ങി പോകാൻ പറയുന്നത് തെറ്റില്ല. ഇതു തന്നെയാണ് കോയമ്പത്തൂരിലുള്ള ഒരു വീട്ടമ്മയും ചെയ്തത്. വീട്ടിനുള്ളിൽ കയറിയ പാമ്പിനെ വീട്ടമ്മ പുറത്താക്കുന്ന രീതിയാണ് എല്ലാവരേയും ആകർഷിച്ചത്.
വീട്ടിൽ കയറിയ പാമ്പിനെ തല്ലിക്കൊല്ലാനോ പേടിച്ച് ഓടാനോ നിൽക്കാതെ ചെറിയൊരു വടിയുമായി കുട്ടികളോടെന്ന പോലെയാണ് വീട്ടമ്മ പെരുമാറുന്നത്. വീട്ടമ്മയുടെ മാന്യമായ ഇടപെടലിൽ പാമ്പ് ഉപദ്രവിക്കാതെ പിന്നോട്ടുപോകുന്നതും വീഡിയോയിൽ വ്യക്തമാണ്.
പാമ്പിനെ പിന്നീട് വന്ന് കാണുമെന്നും പാലും മുട്ടയും നൽകുമെന്നുമെല്ലാം വീട്ടമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. വീടിന് പുറത്തേക്കിറങ്ങിയ പാമ്പിനോട് തിരിച്ചു വരരുതെന്നും വീട്ടമ്മ അഭ്യർത്ഥിക്കുന്നുണ്ട്. പാമ്പിന്റെ സുരക്ഷയ്ക്ക് മനുഷ്യരിൽ നിന്നും വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും അവർ ഉപദേശിക്കുന്നു.