ഒരു വിവാഹജീവിതത്തിൽ ആരോഗ്യവും സൗന്ദര്യവും സമ്പത്തുമെല്ലാം ഒരു പ്രധാനഘടകമാണ്. എല്ലാവരും അത് നോക്കിതന്നെയാണ് വിവാഹം ചെയുന്നത്. എന്നാൽ ഇവിടെ സ്നേഹത്തിന് മാത്രം വിലകല്പിക്കുകയാണ് പ്രണവും ഷഹനയും. ഒത്തുചേരാൻ ഇതൊന്നും ഒരു തടസമല്ല എന്നാണ് ഇവർ പറയുന്നത്. പ്രണവ് -ഷഹന ദമ്പതികൾക്ക് ഇന്ന് പ്രണയ സാഫല്യം.
ഒരു നാട് മുഴുവൻ ഇന്ന് സന്തോഷത്തിൽ ആണ്. പ്രണവ് (കൂട്ടുകാർ ടുട്ടുമോൻ എന്നു വിളിക്കും) ആറു കൊല്ലം മുമ്പ് ഒരു ബൈക്ക് ആക്‌സിഡന്റിൽ പരുക്ക് പറ്റി, നെഞ്ചിന് താഴെ മുഴുവൻ തളർന്ന്, കൊല്ലങ്ങൾ ആയി കിടക്കയിലാണ്. പക്ഷെ സ്‌നേഹമുള്ള കൂട്ടുകാരാൽ സമ്പന്നമാണ് പ്രണവിന്റെ ജീവിതം. നാട്ടിലെ ഒരു ആഘോഷങ്ങളും അവർ മുടക്കാറില്ല. പ്രണവുമായി ആ നല്ല കൂട്ടുകാർ ഉണ്ടാവും എല്ലായിടത്തും. എടുത്തു പറയേണ്ട ഒരാൾ വിനു ചേട്ടൻ ആണ്. എന്നും രാവിലെ ജോലിക്കു പോവുന്നതിന് മുമ്പ്, വീട്ടിൽ ചെന്ന് കൊല്ലങ്ങൾ ആയി പ്രണവിനെ കുളിപ്പിക്കുന്നത് വിനു ചേട്ടനാണ്. ആരും പറയാതെ തന്നെ.
ആറു വർഷമായി കിടന്ന കിടപ്പിൽ ആയിട്ടും, ഇനി ഒരു പക്ഷെ അങ്ങനെ തന്നെ ആയിരിക്കും തുടർന്നുള്ള ജീവിതം എന്നറിഞ്ഞിട്ടും പ്രണവിന്റെ മുഖത്ത് ഉള്ള ചിരിയും, ആ പ്രസന്നതയും പരിജയപെട്ടവർക്ക് മറക്കാൻ പറ്റില്ല. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ. അനിയത്തിയും അച്ഛനും ഉണ്ട് വീട്ടിൽ. പകുതി പണി തീർന്ന ആ വീട്ടിൽ ഇന്ന് മുതൽ പ്രണവിന് കൂട്ടും തണലുമായി ഷഹനയും ഉണ്ടാവും. അത് തന്നെയാണ് നാട് മുഴുവൻ ഇന്ന് സന്തോഷിക്കുന്നതിന് കാരണവും. ഇരിങ്ങാലക്കുടയുടെ വിവാഹ മംഗളാശംസകൾ.