നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപി പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൻ്റെ സ്റ്റിൽ അടുത്തിടെ വൈറലായിരുന്നു. പൊലീസുകാരൻ്റെ നെഞ്ചിൽ മുട്ടുകുത്തി നിൽക്കുന്ന സുരേഷ് ഗോപിയുടെ ചിത്രം സോഷ്യൽ ലോകത്തു നിമിഷനേരം കൊണ്ടുമാണ് വൈറലായത്.
മോഹൻലാൽ അഭിനയിച്ച്, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയിലെ ഒരു രംഗത്തോട് സമാനമായ രംഗമായിരുന്നു ഇത്. ഈ ചോദ്യം ഒരു ആരാധിക കമൻ്റ് ബോക്സിൽ ഉന്നയിച്ചു. അതിന് സുരേഷ് ഗോപി നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘ഇത് ലൂസിഫറിൽ നിന്നുള്ള വ്യക്തമായ അനുകരണമാണ്. ദയവും ചെയ്ത് ഈ സീൻ ഒഴിവാക്കൂ.’ എന്നായിരുന്നു ആരാധികയുടെ കമൻ്റ്. എന്നാൽ ഉടൻ തന്നെ സുരേഷ് ഗോപിയുടെ മറുപടി എത്തി. ‘ഒരിക്കലുമല്ല, 2001ലെ രണ്ടാം ഭാവത്തിൽ നിന്ന് ചില വ്യത്യാസങ്ങളോടെ എടുത്തതാണ്’ എന്ന് അദ്ദേഹം മറുപടി നൽകി.
ഈ കമൻ്റിൻ്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വിൽ എൻ്റർടൈന്മെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്. 21ആം നൂറ്റാണ്ടിലൂടെ ശ്രദ്ധേയയായ സയ ഡേവിഡ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മുത്തുമണി, ഐഎം വിജയൻ, സുജിത് ശങ്കർ, അലൻസിയർ, കണ്ണൻ രാജൻ പി ദേവ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കും. ദേശീയ പുരസ്കാര ജേതാവ് നിഖിൽ എസ് പ്രവീൺ ആണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുക. രഞ്ജിൻ രാജാണ് സംഗീതം.