കൊവിഡ് രോഗികള്‍ക്കുള്ള മരുന്ന് വാങ്ങി സൈക്കിളും ചവിട്ടി എത്തുന്നത് ഒരു ഡോക്ടർ. കൊല്ലം മൈനാഗപ്പള്ളി പള്ളിമുക്ക് ചാമത്തുണ്ടില്‍ ഹൗസില്‍ ആയുര്‍വേദ ഡോക്ടറായ സെയ്ദ് ഷിറാസ് ആണ് നന്മയുടെ മുഖമാകുന്നത്. സൈക്കിളില്‍ മരുന്നുമായി എത്തിയ ഷിറാസിനെ ആദ്യം കണ്ടപ്പോള്‍ ഡെലിവറി ബോയി ആണെന്നായിരുന്നു ആളുകളുടെ ധാരണ. എന്നാല്‍, പിന്നീടാണ് ഡോക്ടറാണെന്ന സത്യം മനസിലായത്. കൊവിഡ് രോഗികള്‍ക്കുള്ള മരുന്നുകളും വാങ്ങി ദിവസവും കിലോമീറ്ററുകളാണ് ഷിറാസ് സൈക്കിള്‍ ചവിട്ടുന്നത്.
ഏതു പ്രദേശത്ത് എത്തി ചെല്ലാൻ ഉള്ള എളുപ്പവും യാത്രയ്ക്കൊപ്പം തന്നെ ഒരു വ്യായാമവും ആയിക്കോട്ടെ എന്ന് കരുതിയാണ് യുവ ഡോക്ടറുടെ സൈക്കിളിൽ ഉള്ള യാത്ര. പെട്രോൾ ചിലവും ലാഭിക്കാം എന്നതും സൈക്കിൾ യാത്ര തിരഞ്ഞെടുക്കാനുള്ള ഒരു പ്രധാനഘടകമാണ്. 25 കിലോമീറ്റർ വരെയുള്ള സ്ഥലങ്ങളൊക്കെ അനായാസമായി സൈക്കിൾ ചവിട്ടി പോയി മരുന്നുകൾ നൽകാറുണ്ട് എന്ന് ഡോക്ടർ ഷിറാസ് പറയുന്നു. സന്ധ്യക്ക് ശേഷം മരുന്ന് കൊടുക്കേണ്ട ആവശ്യം ഉണ്ടായാൽ മാത്രമാണ് സ്കൂട്ടർ എടുക്കുന്നത്. രോഗികളുടെ വിവരങ്ങൾ എല്ലാം വിശദമായി ചോദിച്ചറിഞ്ഞ് അതിനുമാത്രമുള്ള മരുന്നും ആയിട്ടാണ് ഡോക്ടർ യാത്ര തിരിക്കുന്നത്.
സഹായമഭ്യർഥിച്ച് ഡോക്ടറെ ഒരുപാട് പേര് വിളിച്ചതിനെത്തുടർന്നാണ് സൗജന്യമായി മരുന്ന് എത്തിക്കാനുള്ള ഈ സേവനം അദ്ദേഹം ആരംഭിച്ചത്. എത്ര നിർബന്ധിച്ചാലും ഡോക്ടർ പണം വാങ്ങില്ല. ഡോക്ടറുടെ ചികിത്സ ഗുണം ലഭിച്ചവർ ഫോൺ നമ്പർ കൈമാറി തുടങ്ങിയതോടെ രോഗികളുടെ എണ്ണം കൂടി. മകൻ സൈക്കിളെടുത്ത് പോകുന്നത് വ്യായാമത്തിന് ആണ് എന്നായിരുന്നു ഷിറാസിന്റെ മാതാപിതാക്കൾ ആദ്യം കരുതിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറുകണക്കിന് രോഗികള്‍ക്ക് ഇങ്ങനെ മരുന്ന് എത്തിച്ചു നല്‍കി. സ്വന്തം വീടിനോട് ചേര്‍ന്ന് ആയുര്‍വേദ ക്ലിനിക് നടത്തുന്നുണ്ട്. അവിടേയ്ക്ക് മരുന്നുകള്‍ വാങ്ങുന്ന കൂട്ടത്തില്‍ സൗജന്യ വിതരണത്തിനുള്ളവയും സ്വന്തം ചെലവില്‍ വാങ്ങും.
കൂടുതല്‍ പേര്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ ചില ആയുര്‍വേദ മരുന്ന് നിര്‍മാതാക്കളുടെ സഹായവും ഡോ. ഷിറാസ് തേടിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ആയി പ്രവർത്തിച്ചിരുന്ന ഡോക്ടർ തൊട്ടപ്പുഴശ്ശേരി ചരൽകുന്നിലെ സിഎഫ്എൽടിസിയുടെ ചുമതല ഏറ്റെടുത്തിരുന്നു. കോവിഡ് രോഗികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി പിപിഇ കിറ്റ് അണിഞ്ഞ് നൃത്തം ചെയ്ത ഡോക്ടറുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
പാങ്ങോട് ശ്രീനാരായണ ആയുർവേദ കോളേജ് ബിഎഎംഎസ് പൂർത്തിയാക്കിയ ഡോക്ടർ ഷിറാസ് യോഗയിലും യോഗ തെറാപ്പിയിലും പി ജി ഡിപ്ലോമ നേടിയിട്ടുണ്ട്. കെഎസ്ആർടിസി കണ്ടക്ടർ സയ്യിദ് അബൂബക്കർ സാഹിബിന്റെയും വീട്ടമ്മയായ ലത്തീഫ ബീവിയുടെയും മകനാണ് ഷിറാസ്. വെള്ളായണി കാർഷിക സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ ശിഫാന ഷിറാസ് ആണ് ഡോക്ടറിന്റെ ഭാര്യ.