‘ഇത്തയുടെ നിക്കാഹ് കഴിഞ്ഞു’; പൊന്നുമോന്റെ ഖബറിലെത്തി വിശേഷങ്ങള്‍ പങ്കുവച്ച് പിതാവ് – കുറിപ്പ്

വിശുദ്ധ റംസാന്‍ സമാഗതമാവുകയാണ്. അനുഭവങ്ങള്‍ പൊതുസ്വാഭാവികതയില്‍ നിന്ന് അകലെ നില്‍ക്കുമ്പോള്‍, അനുഭവഭേദ്യമാകുന്ന ഹൃദയ നൊമ്പരങ്ങള്‍ വാക്കുകളാക്കാനാകില്ല. വിധി, അതൊന്ന് മാത്രമാകാം… കണ്ണീരിന്റെ നനവും, ഉപ്പും കൂടിക്കലര്‍ന്ന്, ഉമിത്തീ കണക്കെ ഹൃദയ നൊമ്പരങ്ങളെരിയുന്ന നെരിപ്പോടുമായാണ് കഴിഞ്ഞ മുന്ന് വര്‍ഷങ്ങളിലെ റംസാന്‍ മാസം പിന്നിട്ട് പോയത്.എന്റെ ഹാഫിസ്‌മോന്റെ(9) ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു 2018-ലെ എന്റേയും മോന്റേയും റംസാന്‍ ദിനങ്ങള്‍ കടന്ന് പോയത്. 2019-ല്‍ തിരുവന്തപുരം ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഞങ്ങളുടെ റംസാന്‍ ദിനങ്ങള്‍.

2020-ലെ റംസാന്‍ മാസം 17-ന് വിശുദ്ധ ബദര്‍ ദിനത്തില്‍ അവന്‍ അന്ത്യയാത്രയുമായി. നിരന്തരമായി കണ്ണീര്‍ പൊഴിച്ചത് മൂലം കണ്ണുനീര് വറ്റിയത് കൊണ്ടാകാം, ഞാനന്ന് പൊട്ടിക്കരഞ്ഞില്ല. മോനെയോര്‍ത്ത് വിതുമ്പാന്‍ മാത്രമേ എനിയ്ക്കായുള്ളൂ.എല്ലാ വര്‍ണ്ണങ്ങളും എന്റെ ഹാഫിസ് മോന് ഇഷ്ടമായിരുന്നു. എങ്കിലും, ‘വയലറ്റ് നിറങ്ങളോടാ’യിരുന്നു അവന് കൂടുതല്‍ പ്രതിപത്തി ഉണ്ടായിരുന്നത്. വയലറ്റ് നിറത്തിലുള്ള ഉടുപ്പുകളും അവനുണ്ടായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രി വാസത്തിനിടയില്‍, ഒരു ദിവസം ഉടുപ്പ് വാങ്ങിയപ്പോള്‍, ‘വയലറ്റ് ടീ ഷര്‍ട്ടാണ്’ അവന്‍ തെരഞ്ഞെടുത്തത്. വിവിധ വര്‍ണ്ണങ്ങളിലുള്ള കുറേ ഉടുപ്പുകളും, അവനേറെ പ്രിയപ്പെട്ട വയലറ്റ് ഉടുപ്പുകളും ഉപേക്ഷിച്ച്. മൂന്ന് കഷ്ണം വെള്ളത്തുണിയും മാത്രമായി അവന്‍ എന്നില്‍ നിന്നകന്ന് പോയിട്ട് ഇതിപ്പോള്‍ ഒരു വര്‍ഷം തീകയാറാകുന്നു. എന്റെ മനസ്സിന്റെ ഊഷ്മളതയും.. കുളിര്‍ക്കാറ്റും, മറ്റ്… മറ്റ് എന്തെല്ലാമോ ആയിരുന്നു എനിയ്‌ക്കെന്റെ ഹാഫിസ് മോന്‍. ”ഇപ്പച്ചീ… എന്നവന്‍ എന്നേയും…കുഞ്ഞുമോനേ എന്ന് ഞാനവനേയും” വിളിച്ച് പോന്നതായിരുന്നു ഞങ്ങളുടെ ദിനങ്ങള്‍. എന്തിന് ഇതെല്ലാം എഴുതുന്നു.? എന്ന എന്റെ മനസ്സിന്റെ ചോദ്യത്തിന് ആ മനസ്സ് തന്നെ ഉത്തരവും നല്‍കുന്നു.

165930638 2286423201492250 746015473349549535 n

എന്റെ തൊഴില്‍ എഴുത്തായത് കൊണ്ട് എഴുത്തിലൂടെയും, ദൈവ ചിന്തയിലൂടെയും മാത്രമേ എനിയ്ക്ക് സമാധാനിക്കാവുന്നുള്ളൂ. മനസ്സിന്റെ വിങ്ങലുകള്‍ പെയ്‌തൊഴിയാനാണ് ഞാന്‍ അക്ഷരങ്ങളെ ചേര്‍ത്ത് വയ്ക്കുന്നത്അവന്‍ പോയതില്‍ പിന്നീട.് എല്ലാ ദിവസവും ഞാനെന്റെ കുഞ്ഞുമോന്റെഅടുത്ത് പോകാറുണ്ട്. ഈ പതിവിന് ഭംഗം വരുത്താന്‍ എനിയ്ക്കാവുകയുമില്ല. ഓരോ ദിവസവും ഞാനവനോട് വിശേഷങ്ങള്‍ പറയാറുണ്ട്..! വീട്ടിലെ വളര്‍ത്തു തത്തയെ പൂച്ച കൊലപ്പെടുത്തിയതും, അവന്റെ ഇത്തായുടെ നിക്കാഹ് കഴിഞ്ഞതും.. അവന്റെ സ്‌കൂള്‍ ഇത് വരേയ്ക്കും തുറന്നിട്ടില്ല എന്നതും.. ഇടയ്ക്ക് ഹൃദയാഘാതം വന്ന് എനിയ്ക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വന്നതും.. അങ്ങനെ എന്റെ ചിരിയും കരച്ചിലുമെല്ലാം ഞാനവനോട് പങ്ക് വയ്ക്കാറുണ്ട്. അവന്റെ ഖബറിന് മുകളില്‍ ഞാന്‍ നട്ട ചെടികളിലെ വയലറ്റ് പൂക്കളും… മറ്റ് പൂക്കളുമെല്ലാം അതെല്ലാം കേട്ട് കാറ്റില്‍ ഇളകിയാടി എന്നോട് തലകുലുക്കാറുമുണ്ട്. എനിയ്ക്കറിയാം. സ്വര്‍ഗ്ഗലോകത്ത് നീ സന്തോഷവാനായി കഴിയുകയാണെന്ന്.

വര്‍ണ്ണങ്ങളും.. വര്‍ണ്ണശലഭങ്ങളും…അവിടുത്തെ കുളിര്‍ക്കാറ്റില്‍ കൂട്ടുകാരോടൊത്തുള്ള കളി ചിരി ഉല്ലാസവുമായി കഴിയുമ്പോഴും, കുഞ്ഞുമോനേ… നീ ‘ഇപ്പച്ചിയേയും, ഇമ്മച്ചിയേയും’ എപ്പോഴും ഓര്‍ക്കുന്നുണ്ടവും…കാണാന്‍ കൊതിയ്ക്കുന്നുണ്ടാവും… നീ പോയതില്‍ പിന്നീട്, നിന്നെ സ്മരിയ്ക്കാത്ത ഒരു ശ്വാസോഛാസം പോലും എന്നിലേക്കും, ഉമ്മച്ചിയിലേക്കും വരുന്നില്ല. പുറത്തേയ്ക്ക് പോകുന്നുമില്ല.. ഞങ്ങളുടെ മനസ്സില്‍.. ശരീരത്തില്‍.. ചൂടില്‍.. ആവിയില്‍.. നീയെപ്പോഴും നിറഞ്ഞ് നില്‍ക്കുകയാണ്. അതായിരുന്നല്ലോ നമ്മള്‍-അല്ല. അങ്ങനെയായിരുന്നു നമ്മള്‍… നാഥനോടുള്ള പ്രാര്‍ത്ഥനയോടെ..

Previous articleജീവിക്കാനായി അന്ന് ടാക്‌സി ഓടിച്ചു, ഇന്ന് ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥ; ഇന്ത്യക്കാരിയുടെ വിജയകഥ
Next articleഗൂഗിൾ മാപ്‌സ് ചതിച്ചാശാനേ.! പൊതുസ്ഥലത്ത് കാര്യം സാധിച്ച യുവാവ് ക്യാമെറയിൽ കുരുങ്ങി..

LEAVE A REPLY

Please enter your comment!
Please enter your name here