കാന്‍സര്‍ വേദനയെന്നതിനൊപ്പം തന്നെ വലിയൊരു തിരിച്ചറിവു കൂടിയാണെന്ന് പറയുകയാണ് ലക്ഷ്മി. വേദനയുടെ ഘട്ടങ്ങളില്‍ നമ്മെ ആശ്വസിപ്പിക്കാന്‍… തോളോട് തോള്‍ചേര്‍ന്നു നില്‍ക്കാന്‍ ആരൊക്കെയുണ്ടാകും എന്ന തിരിച്ചറിവാണ് കാന്‍സര്‍ തരുന്നതെന്ന് ലക്ഷ്മി കുറിക്കുന്നു. നന്ദു മഹാദേവയാണ് ലക്ഷ്മിയുടെ മഹത്തായ അതിജീവനത്തിന്റേയും കരളുറപ്പിന്റേയും കഥ സോഷ്യല്‍ മീഡിയക്ക്പരിചയപ്പെടുത്തുന്നത്. നന്ദു മഹാദേവന്റെ ഫേസ്ബുക് കുറിപ്പ്:
ഇതാണ് ലക്ഷ്മി ചേച്ചി.. ഈ അമ്മയ്ക്കും കുഞ്ഞു മകൾക്കും പറയാനുണ്ട് തിളങ്ങുന്ന അതിജീവനത്തിന്റെ കഥ.. പെണ്മക്കൾ വീട്ടിലുള്ളത് ഒരു ഭാഗ്യമാണെന്ന് അരക്കിട്ടുറപ്പിക്കുന്ന ശക്തമായ സ്നേഹബന്ധത്തിന്റെ കഥ.. കീമോ സമയങ്ങളിൽ സ്വന്തം മകൾ തന്റെ തന്നെ അമ്മയായി മാറിയത് പറയുമ്പോൾ അഭിമാനം കൊണ്ട് അവരുടെ കണ്ണുകൾ നിറയാറുണ്ട്… വളരെ നന്നായി എഴുതുന്ന ലക്ഷ്മി ചേച്ചിയുടെ വരികൾ ഏവർക്കും പ്രചോദനാത്മകമാണ്… തീ പാറുന്ന അക്ഷരങ്ങൾക്ക് മനുഷ്യ മനസ്സുകളിൽ പരിവർത്തനങ്ങൾ ഉണ്ടാക്കാൻ കഴിയും… ചികിത്സയൊക്കെ കഴിഞ്ഞു ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്ന ചേച്ചിയുടെ വാക്കുകൾ വായിച്ചിട്ട് പ്രിയമുള്ളവർ അഭിപ്രായങ്ങൾ പറയുക..
ലക്ഷ്മി ചേച്ചിയുടെ വാക്കുകൾ താഴെ
ഒരുപാട് അറിവുകൾ ഉണ്ടായിട്ടല്ല എങ്കിലും ഞാൻ പറയുന്ന വാക്കുകൾ ജീവിതത്തിൽ തളർന്നു പോകുന്ന ആർക്കെങ്കിലും മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷയുടെ ഒരു കുഞ്ഞു പ്രകാശം ആകും എന്ന ഉറച്ച ബോധ്യത്തിലാണ് ഞാൻ ഈ വാക്കുകളും എന്റെ ചിത്രങ്ങളും നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്… സൗന്ദര്യം അല്ല ജീവിതത്തിന്റെ മാനദണ്ഡം എന്ന തിരിച്ചറിവിൽ….നമ്മളെ സ്നേഹിക്കുന്ന മനുഷ്യർ ആണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത് എന്ന തിരിച്ചറിവിലാണ് ഞാനിത് കുത്തി കുറിക്കുന്നത്…
അഹം അഥവാ ഞാൻ എന്ന ബോധത്തിൽ നിന്നും ഞാനുണർന്നത് ക്യാൻസർ എന്ന സുഹൃത്തിനെ കിട്ടിയതിനുശേഷം ആണ്… പ്രതിസന്ധിഘട്ടങ്ങളിൽ പെടുമ്പോഴാണ് ജീവിതത്തിലെ യഥാർത്ഥ മിത്രങ്ങളെ തിരിച്ചറിയാൻ നമുക്ക് കഴിയുന്നത്… കാൻസർ പോലെയുള്ള ഒരു രോഗം നമ്മളെ പിടിപെടുമ്പോഴാണ് നമ്മൾ ശരിക്കും നമ്മുടെ ജീവിതത്തിന്റെ യാഥാർഥ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.. നാം എന്ന വ്യക്തിയെ ഇഴ കീറി പരിശോധിക്കുന്നത്…
നമ്മൾ എപ്പോഴും ഒരുപാട് സൗന്ദര്യബോധം ഉള്ളവരാണ്. ബോഡി സൗന്ദര്യം നിലനിർത്താൻ എന്തെല്ലാം ചെയ്യാറുണ്ട്… പക്ഷെ ഇത്തരം അവസ്ഥകളിലൂടെ പോകുമ്പോൾ അത് യഥാർത്ഥ ജീവിതം എന്താണെന്ന് നമ്മളെ പഠിപ്പിച്ചു തരും.. ഞാൻ എന്ന ഭാവം ഇല്ലാതെ ആക്കിത്തരും.. ക്യാൻസറോ പ്രതിസന്ധികളോ ഒന്നും ജീവിതത്തിലെ അവസാന വാക്കല്ല..നമ്മളെ കൂടുതൽ കരുത്തുറ്റവർ ആക്കാനുള്ള ഒരു പരീക്ഷണഘട്ടം ആണെന്ന് മാത്രം കരുതുക… ഇങ്ങനെ ഒരവസ്ഥ വരുമ്പോൾ ഉപേക്ഷിച്ചു പോകുന്ന ജീവിത പങ്കാളികളെക്കുറിച്ചു നന്നായറിയാം…ഒരു ക്യാൻസർ വന്നു എന്ന് കരുതി നമ്മുടെ ശരീര സൗന്ദര്യം നശിച്ചു എന്നു കരുതി നമ്മളെ വിട്ടു പോകുന്ന ആരാണെങ്കിലും നമ്മുടെ സ്നേഹം അവർക്ക് വിധിച്ചട്ടില്ല എന്ന തിരിച്ചറിവിൽ വാശിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരണം…അതിലുപരി അതൊരു പ്രചോദനം ആക്കി മാറ്റണം…
നമ്മുടെ ശരീര സൗന്ദര്യം നശിക്കുന്ന സമയത്ത് നമ്മളെ വേണ്ടെന്നു വെക്കുന്ന ഒരു ജീവിതപങ്കാളി ആണെങ്കിൽ അതിൽ ദുഃഖിക്കേണ്ട കാര്യമില്ല…നീ ഇത്രയും കാലം സ്നേഹിച്ചത് ഒരു മിഥ്യയാണെന്ന് ദൈവം നമുക്ക് തിരിച്ചറിവ് നൽകുകയാണ്… തെറ്റും ശരിയും അനുഭവങ്ങളിലൂടെ കാണിച്ചു തരുന്നതിന് സർവ്വേശ്വരനോട് നന്ദി പറയുക.. മുടി.. കൺപീലി.. പുരികം ഇതെല്ലാം കുറച്ചു നാളത്തേക്ക് നമ്മിൽ നിന്ന് അന്യം നിൽക്കും…അതിലൊന്നും വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല. അതെല്ലാം തിരിച്ചുവരാനുള്ളതാണ്…
അല്ലെങ്കിൽ തന്നെ ഒന്ന് ഉരുണ്ടു വീണാൽ തീരാവുന്ന സൗന്ദര്യം മാത്രമല്ലേ നമുക്ക് എല്ലാവർക്കും ഉള്ളു…അതുകൊണ്ട് അതിൽനിന്നൊക്കെ കരുത്ത് ആർജിക്കണം…. നമ്മുടെ ജീവിതം ശരിക്കും ഒരു വയൽ പോലെയല്ലേ… ദൈവം നമുക്ക് ജീവിതം എന്ന വയൽ നൽകി ആ വയൽ നമ്മളെക്കൊണ്ടു തന്നെ ഉഴുതുമറിപ്പിച്ച് അങ്ങനെയങ്ങനെ.. നമ്മൾ എന്താണ് അവിടെ കൃഷിയിറക്കുന്നത് എന്നും എന്തു വിത്താണ് വിതയ്ക്കണ്ടതെന്ന് എന്നും തീരുമാനമെടുക്കേണ്ടത് നമ്മൾ തന്നെയാണ്..സന്തോഷവും സ്നേഹവും വിതച്ചു കഴിഞ്ഞാൽ ഊഷ്മളമായ ബന്ധങ്ങളും അർഥപൂർണമായ ജീവിതവും കൊയ്തെടുക്കാൻ നമുക്ക് കഴിയും..
ക്യാൻസർ ഒരു രോഗമാണ് അത് ട്രീറ്റ്മെന്റ് എടുത്താൽ മാറും പക്ഷേ കാൻസറിനെ ക്കാൾ അപകടകാരികളായ മനുഷ്യരുണ്ട് ഒരു ട്രീറ്റ്മെന്റ് എടുത്താലും മാറാത്ത അസുഖം ഉള്ള മനുഷ്യർ….ഭാര്യക്ക്, ഭർത്താവിന് അല്ലെങ്കിൽ നമ്മുടെ സഹജീവികൾക്ക് ക്യാൻസർ ആണെന്ന് അറിയുമ്പോൾ അവജ്ഞയോടെ പുച്ഛത്തോടെയും കാണുന്ന അല്ലെങ്കിൽ അവഗണിക്കുന്ന മനുഷ്യരാണ് ക്യാൻസറിനെകാൾ അപകടകാരികൾ… ദൈവം പരീക്ഷിച്ചു കൊണ്ടേയിരിക്കും നമ്മൾ ആ സാഹചര്യങ്ങൾ പരിഹരിച്ചു മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കണം എന്നാണ് എന്റെ അഭിപ്രായം.. ദൈവത്തിന്റെ ഏറ്റവും വലിയ ദുഃഖം എന്താകുമെന്ന് ഒരു കൗതുകത്തിന് വേണ്ടി ഞാൻ ചിന്തിക്കാറുണ്ട്…അതൊരുപക്ഷെ എല്ലാ കഴിവുകളോട് കൂടി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ വീണ്ടും ഈശ്വരന്റെ മുന്നിൽ രണ്ടു കൈകളും നീട്ടി ഇരക്കുന്നതായിരിക്കണം.
ജീവിതത്തിലേക്ക് വന്ന അർബുദത്തെ ജീവിതത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിച്ചു തരാൻ ആയിട്ട് വന്ന മാതൃകാ അധ്യാപകനായി കാണാം… നമ്മൾ അനുഭവിച്ച അനുഭവങ്ങളിൽ നിന്നും വേദനകളിൽ നിന്നും നമ്മൾ നമ്മളെ ഉൾക്കൊണ്ട് സഹജീവികളോട് കാരുണ്യത്തോടെയും സ്നേഹത്തോടെയും പെരുമാറാം നമുക്ക്… ക്യാൻസർ സംബന്ധമായ എന്ത് സംശയങ്ങൾക്കും എന്നെ messenger contact ചെയ്യാം കേട്ടോ..ഞാൻ ഇവിടെ എന്റെ ഹോസ്പിറ്റലിൽ counseling ചെയ്യുന്നുണ്ട്…അത് പോലെ ആർക്കെങ്കിലും എന്തെങ്കിലും മനസ്സ് തുറന്നു സംസാരിക്കാൻ ഉണ്ടെങ്കിലും ഒരു സുഹൃത്തായി ഞാനുണ്ടാകും.. എന്റെ കാര്യങ്ങൾ തുറന്നെഴുതാൻ തുടങ്ങിയ ശേഷം ഒത്തിരി സുഹൃത്തുക്കൾ അഭിനന്ദനങ്ങൾ അറിയിച്ചു… പ്രാർത്ഥനകളാലും ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളാലും ആശംസകൾ അറിയിക്കുന്നവർക്ക് ഹൃദയത്തിൽ നിന്നും നന്ദി.. സ്നേഹപൂർവ്വം ലക്ഷ്മി NB : ആദ്യത്തെ ഫോട്ടോ കീമോ സമയത്തെയും രണ്ടാമത്തേത് ഇപ്പോഴത്തെയും ആണ്…