ഏറെ പ്രതീക്ഷകളുമായി മുന്നേറുകയായിരുന്നു ബ്രഹ്മാണ ചിത്രം ‘ഇന്ത്യന്‍ 2’ന്റെ ഷൂട്ടിംഗിനിടെ ക്രെയ്ന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടത് കോളിവുഡിനെയാകെ ദുഖത്തില്‍ ആഴ്ത്തിയിരുന്നു. സംവിധായകന്‍ ശങ്കറും കമലഹാസനുമെല്ലാം നില്‍ക്കവെയാണ് അപകടം. ശങ്കറും അസോസിയേറ്റ്‌സും മറ്റ് അണിയറക്കാരുമെല്ലാം ഉണ്ടായിരുന്നു ടെന്റിനു മേലാണ് ക്രെയ്ന്‍ വീണത്. വളരേ നേരിയ വ്യത്യാസത്തിലാണ് ശങ്കര്‍ രക്ഷപെട്ടത്. ഇപ്പോള്‍ ആദ്യമായി ഈ സംഭവത്തിനു ശേഷം ശങ്കര്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.
‘മനസില്‍ ഒരുപാട് ദുഃഖത്തോടെയാണ് ഞാന്‍ ഇതെഴുതുന്നത്. ആ അപകടത്തിനു ശേഷം ഞാന്‍ വലിയൊരു ഷോക്കിലായിരുന്നു. അപകടത്തില്‍ മരണപ്പെട്ട എന്റെ അസോസിയേറ്റിനെയും ക്രൂവിനെയും ഓര്‍ത്ത് ഉറക്കമില്ലാത്ത രാത്രികള്‍. തലനാരിഴയ്ക്കാണ് ഞാന്‍ രക്ഷപെട്ടത്. പക്ഷേ ഇതിലും ഭേദം ആ ക്രെയിന്‍ എന്റെ മേല്‍ പതിക്കുന്നതായിരുന്നു എന്ന് തോന്നിപ്പോകുന്നു. ജീവന്‍ നഷ്ടമായ ആളുകളുടെ കുടുംബത്തിന് എല്ലാ പ്രാര്‍ഥനകളും.,’ ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സെറ്റുകളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്നും ആവശ്യപ്പെട്ട കഴിഞ്ഞ ദിവസം കമലഹാസന്‍ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് കത്തു നല്‍കിയിരുന്നു.
ഏതൊരു ഷൂട്ടിങ്ങും ആരംഭിക്കുന്നതിന് മുമ്ബ് എല്ലാ സുരക്ഷാ ചട്ടങ്ങളും ഉറപ്പുവരുത്തണം. അത്തരം നടപടികളിലൂടെ മാത്രമേ പ്രൊഡക്ഷന്‍ സംഘത്തിന് സുരക്ഷാ ആവശ്യങ്ങള്‍ പാലിക്കുന്നുവെന്ന് കാണിക്കാനും ഷൂട്ടിങ്ങിന് തിരിച്ചെത്താന്‍ താനടക്കമുള്ള താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാനും കഴിയൂവെന്നും അദ്ദേഹം കത്തില്‍ പറയുന്നു.ഫെബ്രുവരി 19-ന് നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് കോടികളുടെ ബജറ്റില്‍ സിനിമ ഒരുക്കുകയും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ ലഭിക്കുകയും ചെയ്യുന്ന സിനിമകള്‍ നിര്‍മിക്കുന്ന വ്യവസായത്തില്‍ അംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ കഴിയാത്തതിനെ കമല്‍ഹാസന്‍ വിമര്‍ശിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം ഒരു കോടി രൂപ നല്‍കിയിരുന്നു.