നൃത്തവേദിയിൽ നിന്നും മിനിസ്ക്രീനിലേക്കും സിനിമയിലേക്കും ചേക്കേറിയ താരമാണ് ആശ ശരത്ത്. ഒട്ടേറ കരുത്തുറ്റ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കുറഞ്ഞ സമയം കൊണ്ടുതന്നെ അനശ്വരമാക്കാൻ ആശയ്ക്ക് സാധിച്ചു. ഇപ്പോഴിതാ, അമ്മയുടെ പാത പിന്തുടർന്ന് മകൾ ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ ചിത്രത്തിലൂടെയാണ് ഉത്തര അഭിനയ ലോകത്തേക്ക് എത്തുന്നത്.
ആശ ശരത്തിന്റെ മകളുടെ വേഷമാണ് ചിത്രത്തിലും ഉത്തരയ്ക്ക്. ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുൻപായി ഗുരുവായൂരിൽ നൃത്തപരിപാടി അവതരിപ്പിക്കാൻ കേരളത്തിലേക്ക് എത്തിയ ആശയ്ക്കും ഉത്തരയ്ക്കും മടങ്ങി പോകാൻ സാധിക്കാതെ വരികയായിരുന്നു. ഈ സമയത്താണ് സിനിമയിൽ നിന്നും ഉത്തരയെ തേടി അവസരങ്ങൾ എത്തിയത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എഴുപുന്നയിൽ ആരംഭിച്ചു. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമണിത്. കെഞ്ചിര എന്ന ചിത്രത്തിന് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അമീബ, ചായില്യം എന്നിവയാണ് മനോജിന്റെ മറ്റു ചിത്രങ്ങൾ.