മലയാളികള്‍ക്ക് എല്ലാവര്‍ക്കും ജയറാമിന്റെ ആനക്കമ്ബത്തെ കുറിച്ചും മേളക്കമ്ബത്തെ കുറിച്ചുമൊക്കെ അറിയാവുന്നതാണ്. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച രവിശങ്കര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ ഇടയില്ല. ഡെന്നിസിനെപ്പോലെ വെച്ചൂര്‍ പശുവും ജേഴ്സി പശുവും ഒക്കെയുള്ള മനോഹരമായ ഒരു ഫാം ചന്ദ്രഗിരിയില്‍ തുടങ്ങാന്‍ രവിശങ്കറും ആഗ്രഹിച്ചിരുന്നു.
സിനിമയിലെ ഈ സ്വപ്നം ഇങ്ങ് മലയാറ്റൂരിനടുത്ത് പെരിയാറിന്റെ തീരത്ത് തോട്ടുവ എന്ന തന്റെ ഗ്രാമത്തില്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം നായകന്‍ ജയറാം. അറുപതോളം പശുക്കളാണു തോട്ടുവയിൽ ജയറാമിന്റെ ‘ആനന്ദ് ഫാമിൽ’ ഉള്ളത്. ‘ഗംഗ, യമുന, കാവേരി…’ ഓരോരുത്തരെയും ജയറാം പേരെടുത്തു വിളിക്കും.
പത്തുവര്‍ഷങ്ങള്‍ക്ക് മുമ്ബ് അഞ്ച് പശുക്കളുമായി തുടങ്ങിയ ഈ ഫാമില്‍ ഇന്ന് അറുപതോളം പശുക്കളാണ് ഉള്ളത്. ജയറാമിന്റെ തറവാട്ടിന് അടുത്ത് പൈതൃകസ്വത്തായി കിട്ടിയ ആറ് ഏക്കര്‍ സ്ഥലത്താണ് ഫാം സ്ഥിതിചെയ്യുന്നത്. കൃഷ്ണഗിരിയില്‍ നിന്നുള്ള പശുക്കളാണ് ഫാമില്‍ കൂടുതലും. വെച്ചൂര്‍, ജേഴ്‌സി ഇനത്തില്‍പ്പെട്ട പശുക്കളും ഇവിടെയുണ്ട്. ജയറാം തന്നെ നേരിട്ട് പോയി കണ്ടാണ് ഓരോ പശുക്കളെയും ഫാമിലേക്ക് കൊണ്ടു വരുന്നത്. പ്രതിദിനം 300 ലിറ്റര്‍ പാല്‍ ഫാമില്‍നിന്ന് ലഭിക്കുന്നുണ്ട്.
ഫാമിലെ വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഫാമിലെ മാലിന്യം അതതു ദിവസം സംസ്കരിക്കുന്നു. അതുകൊണ്ടു തന്നെ പശു ത്തൊഴുത്താണെന്ന് അടുത്തെത്തിയാൽ പോലും അറിയില്ല. പശുക്കൾക്കു വേണ്ട ഫാമിൽ കൃഷി ചെയ്യുന്നു. ഫാമിലെ ആവശ്യങ്ങൾക്കു വേണ്ട വൈദ്യുതി ബയോഗ്യാസ് പ്ലാന്റിലൂടെ ഉൽപാദിപ്പിക്കുന്നു. 5 തൊഴിലാളികളെയാണു ഫാമിൽ ജോലിക്കായി നിയോഗിച്ചിട്ടുള്ളത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിന്റെ മാതൃകാഫാം എന്ന അംഗീകാരവും ജയറാമിന്റെ ഫാമിനുണ്ട്.