ഒരുപാടു തവണ ആലോചിച്ചു, എഴുതണോ, വേണ്ടയോ? “കഥയില്‍ എന്തുമാകാമെന്നല്ലേ.. എഴുതിയേക്കാം..” മനസിന്‍റെ പകുതി മൊഴിഞ്ഞു. “എന്തുമാകാമെന്ന് കരുതി എന്ത് തോന്ന്യാസവും ആകാമെന്നല്ലല്ലോ..അത് കൊണ്ട് വേണ്ട..” മറു മനസ് മൊഴിഞ്ഞു. (അല്ലേലും ഈ മനസ് ഇങ്ങനാ.. ആവശ്യമുള്ള സമയത്ത് ഒരുമാതിരി മറ്റേ കളി കളിച്ചു കണ്‍ഫ്യൂഷന്‍ ആക്കും..) ചിന്തകള്‍ പിന്നെയും മലയും കുന്നും കയറി. എഴുതണോ, എഴുതണ്ടയോ? എഴുതാം? അല്ലേല്‍ വേണ്ടാ..!!!
അവസാനം “ആദ്യരാത്രിയും ആക്രാന്തവും” എന്ന തലക്കെട്ട് അനുവിന് ചാറ്റ് വഴി അയച്ചു കൊടുത്തു. അത് കണ്ടതും അവന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടിയോ എന്തോ? “ആരുടെ?? എപ്പോ???” “പൊട്ടി പൊട്ടി.. ഒന്നൊന്നര ലഡ്ഡു പൊട്ടി മോനേ..” അവന്‍റെ ചോദ്യം കേട്ടപ്പോള്‍ തന്നെ എനിക്ക് തോന്നി. “എന്‍റെ അടുത്ത കഥ ആണ്..കുഴപ്പമുണ്ടോ??”കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മറുപടി മൊഴിഞ്ഞു. “ഹോ.. എന്തോന്ന് കുഴപ്പം.. ഒരു കുഴപ്പവുമില്ല..നീ ധൈര്യമായി എഴുതിക്കോ..” അവന്‍റെയൊരു സമാധാനിപ്പീര്…!!! അവനെന്തും പറയാം. കാരണം നാണം കെടുന്നത് ഞാനാണല്ലോ. എനിക്കൊന്നു കൂടി ആലോചിക്കണം. അല്ലേല്‍ എന്തോന്നലോചിക്കാന്‍.. ??
പദ്മരാജന്‍ ഒക്കെ ഇങ്ങനെ ചിന്തിച്ചിരുന്നേല്‍ മലയാള സാഹിത്യത്തിലെ എത്ര മനോഹര സൃഷ്ടികള്‍ നമുക്ക് നഷ്ടമായേനെ. (പദ്മരാജനെ ഞാനുമായി താരതമ്യപ്പെടുത്തി എന്ന് കരുതി ആ മഹാനായ കലാകാരന്‍ ചെറുതായി പോയി എന്ന് അദ്ദേഹത്തിന്‍റെ ആരാധകര്‍ തെറ്റിദ്ധരിക്കരുത്. വേണേല്‍ ഞാന്‍ വല്ലാതങ്ങ് വലുതായി എന്ന് എന്‍റെ ‘ആരാധകര്‍ ‘ ധരിച്ചോട്ടെ.. “ചപല വ്യാമോഹങ്ങള്‍ ” എന്നല്ലാതെ എന്ത് പറയാന്‍.) അങ്ങനെ രണ്ടും കല്‍പ്പിച്ചു ഞാന്‍ കഥ എഴുതി തുടങ്ങുന്നു. എന്‍റെ സുഹൃത്തിന്‍റെ കഥ.. അവന്‍ എന്നോട് പറഞ്ഞ കഥ. അവന്‍റെ ആദ്യരാത്രിയുടെ കഥ..!!!
കഥ അവന്‍ പറയട്ടെ..
ആദ്യരാത്രി ആകാന്‍ ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം..
വല്ലാത്ത വേവലാതി എന്നെ വീര്‍പ്പുമുട്ടിച്ചു കൊണ്ടിരുന്നു…. എന്താകുമോ എന്തോ?? ഇന്നത്തെ ഈ ഒരു രാത്രിയാണ് ഇനി വരാന്‍ പോകുന്ന രാത്രികളുടെ മനോഹാരിതയുടെ വിധി നിര്‍ണയിക്കുന്നത്.. ഇന്നത്തെ രാത്രി കുളമായാല്‍ ഇനിയുള്ള ദിനങ്ങള്‍ കിണറാകും,അതും കടന്നു ചിലപ്പോള്‍ കടലാകും…. “ദൈവമേ, കാത്തോളണേ…..” ഞാന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. ഇന്നത്തെ രാത്രി പട്ടി കുറയ്ക്കരുത്, പക്ഷി പറക്കരുത്,പല്ലി ചിലക്കരുത്,പശു തുമ്മരുത്.. കാരണം ഇന്നെന്‍റെ ആദ്യരാത്രിയാണ്..
സമയം പോകുംതോറും മനസ്സ് കൂടുതല്‍ പ്രക്ശുബ്ദമാകുന്നത് പോലെതോന്നി.. മനസും ശരീരവും ഒരുപോലെ അസ്വസ്ഥമാണ്.. വരാന്‍ പോകുന്ന നിമിഷങ്ങളെ കുറിച്ചോര്‍ത്താണ് മനസ്സ് അസ്വസ്തമാകുന്നത്.. ദിവസങ്ങളായുള്ള തിരക്ക് പിടിച്ചുള്ള ഓട്ടം ശരീരത്തെയും അസ്വസ്തമാക്കിയിരിക്കുന്നു.. ഒരുപാട് ബ്രോക്കര്‍മാരെ മാറി മാറി കണ്ടിട്ടാണ് ഈ ഒരെണ്ണം ഒന്ന് ശരിയായത്… ഏതായാലും അലച്ചില്‍ തീര്‍ന്നല്ലോ എന്നൊരു സമാധാനം മനസിലുണ്ട്.. പലരും ഫോണ്‍ വിളിക്കുന്നുണ്ട്.. എല്ലാവരോടും ഒരേ ഒരു വാക്ക് മാത്രം.. “എല്ലാം ശുഭമായി തീരാന്‍ പ്രാര്‍ത്ഥിക്കണേ.. ” ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വെച്ച്.. ഇനിയും വിളി വന്നാല്‍ ശരിയാകില്ല..
സമയം വീണ്ടും മുന്നോട്ടു പോയികൊണ്ടിരിക്കുന്നു..
ഇനി മുറിയിലേക്ക് പോകണം.. ആദ്യരാത്രി തുടങ്ങാന്‍ കുറച്ചു നിമിഷങ്ങള്‍ മാത്രം.. സമയം പോകുംതോറും ഒരുതരം ‘ആക്രാന്തം’ എന്നില്‍ അലയടിക്കുന്നുണ്ടോ എന്നൊരു സംശയം.. മുറിയിലേക്ക് കേറുന്നതിനു മുമ്പ് ജാബിറിനെ കണ്ടു.. “അളിയാ,. വല്ലാത്തൊരു ടെന്‍ഷന്‍.. ” അവനെ കണ്ട ഉടനെ പറഞ്ഞു.. “നീ വെറുതെ ടെന്‍ഷന്‍ അടിക്കാതെ വലതുകാല്‍ വെച്ച് മുറിയില്‍ കേറടാ.. ” അതും പറഞ്ഞു ഒരു ചെറു ചിരിയുമായ് അവന്‍ നടന്നു നീങ്ങി.. മുറിയില്‍ കയറി.. ചുറ്റും നോക്കി..
ജനാലകള്‍ എല്ലാം തുറന്നിട്ടിരിക്കുന്നു.. “ഏതു തെണ്ടിയാ ഈ കൊലച്ചതി ചെയ്തത്..???” അതും പറഞ്ഞു ഓടി ചെന്ന് തുറന്നിട്ട ജനാലകള്‍ അടച്ചു വെച്ചു.. മനുഷ്യന്മാര്‍ മാത്രമല്ല, ഒരു കൊതുക് വിചാരിച്ചാല്‍ പോലും ഇന്നത്തെ ദിവസം കുളമാവാം.. അങ്ങനെ സംഭവിച്ച ചരിത്രങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്.. മറ്റുള്ളവരുടെ അനുഭവങ്ങള്‍ നമുക്ക് പാഠമാകണം ഇക്കാര്യത്തില്‍.. അല്ലെങ്കില്‍ ആദ്യരാത്രി അലമ്പ് രാത്രിയാകും. അത് സംഭവിക്കാന്‍ പാടില്ല.. റൂമിന് ചുറ്റും ഒന്ന് നടന്നു നോക്കി.. കട്ടിലിനിടയില്‍ നോക്കി, കര്‍ട്ടന്‍ വലിച്ചു കീറി നോക്കി,അലമാരക്കകത്ത് നോക്കി, അലമാരക്ക് പുറത്തും നോക്കി.. എല്ലാം കഴിഞ്ഞു അപ്പുറത്തെ വീടുകളിലേക്ക് നോക്കി.. എല്ലാരും ഉറങ്ങിയ മട്ടാണ്.. നന്നായി.. ശല്യപ്പെടുത്താന്‍ ആരുമുണ്ടാവില്ല.. സമാധാനം.. വാച്ചിലേക്ക് നോക്കി.. സമയം പതിനൊന്നു മണി..
പതിയെ കട്ടിലില്‍ ഇരുന്നു.. പെട്ടെന്ന് വാതില്‍ തുറക്കുന്ന ശബ്ദം..
രണ്ടു കണ്ണുകളും വാതിലിലേക്ക്.. ഇല്ല.. ആരുമില്ല.. വേറേതോ മുറിയുടെ വാതില്‍ തുറന്ന ശബ്ദം ആയിരുന്നു അത്.. കട്ടിലില്‍ പതിയെ കിടന്നു.. കണ്ണുകള്‍ പതിയെ അടഞ്ഞു.. സമയം പിന്നെയും മുന്നോട്ട്….. എന്തോ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.. അതോ ആസ്ഥാനത്ത് സൂര്യ പ്രകാശം അടിച്ചത് കൊണ്ടാണോ??? രണ്ടുമല്ല, അവളുടെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നിരിക്കുന്നത്.. കണ്ണ് തുറന്നു നോക്കിയപ്പോള്‍ മുറിയില്‍ വെളിച്ചം പടര്‍ന്നിരിക്കുന്നു.. ഞാന്‍ വിചാരിച്ചത് പോലെ, ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു.. സമാധാനം.. എന്‍റെ ചുണ്ടില്‍ ചെറുചിരി തെളിഞ്ഞു.. കാരണം ആദ്യരാത്രി ഒരു കുഴപ്പവുമില്ലാതെ കഴിഞ്ഞു പോയിരിക്കുന്നു.. മനസ്സില്‍ കുളിര്‍മഴ.. ഇനിയുള്ള ദിവസങ്ങള്‍ സന്തോഷം നിറഞ്ഞത് തന്നെ..
ഇനി കഥ ഫ്ലാഷ് ബാക്ക് ആണ്, ഒരു തിരിഞ്ഞു നോട്ടം.. കഴിഞ്ഞു പോയ രാത്രികളിലേക്ക്,വിശിഷ്യാ ഇന്നലത്തെ രാത്രിയിലെക്കൊരു തിരിഞ്ഞു നോട്ടം.. എറണാകുളത്തു വീട് മാറുക എന്നത് പുത്തരി പോയിട്ടോ പച്ചരിയോ പുഴുങ്ങലരിയോ അല്ല, പക്ഷെ ഒരോ വീട്ടിലെയും ആദ്യരാത്രി വല്ലാത്ത പിരിമുറുക്കം നിറഞ്ഞത് തന്നെ..!!! അങ്ങനെയുള്ള ഒരു ആദ്യരാത്രി ആണ് ഇന്നലെ കഴിഞ്ഞിരിക്കുന്നത്.. മനസ്സില്‍ സന്തോഷത്തിന്‍റെ പെരുമ്പറ മുഴങ്ങി.. ഒരുപാട് കാലത്തെ അലച്ചില്‍ തന്നെയാണ് എറണാകുളത്ത് ഒരു വീട് സങ്കടിപ്പിക്കുക എന്നത്.. അത് കഴിഞ്ഞു അവിടത്തെ താമസം എങ്ങനെയാകുമെന്ന വല്ലാത്ത പിരിമുറുക്കം.. ദിവസങ്ങള്‍ ഉറക്കമില്ലാതെ അലഞ്ഞത് കൊണ്ടാവാം, കണ്ണില്‍ ഉറക്കിനോടുള്ള അമിതമായ ‘ആക്രാന്തം’ ഉണ്ടായിരുന്നത്..
ആദ്യരാത്രി കുളമാക്കുന്ന,അത് വഴി ആ വീടിലെ വരും ദിവസങ്ങളിലെ ഉറക്കം കളയുന്ന കാര്യങ്ങള്‍ പലതുമാവാം, നശിച്ച കൊതുകുകള്‍,കൂതറകളായ അയല്‍വാസികള്‍, വെറുക്കപ്പെട്ട ചാവാലിപ്പട്ടികള്‍ അങ്ങനെയങ്ങനെ…. പക്ഷെ ഈ വീട്ടില്‍ അങ്ങനെയൊന്നുമില്ല.. ആദ്യരാത്രിയുടെ പിരിമുറുക്കം അവസാനിച്ചിരിക്കുന്നു.. കട്ടിലില്‍ കിടന്നു ഞാനോര്‍ത്തു.. മനസ്സില്‍ സന്തോഷം അലയടിച്ചു.. ഓഫ് ചെയ്യാതെ വെച്ച രണ്ടാമത്തെ ഫോണിലേക്ക് വിളിച്ചവളോട് സന്തോഷം പങ്കുവെച്ചു പതിയെ പുറത്തേക്ക്..
മുറിയുടെ പുറത്തു ആവിപറക്കുന്ന ചായയുമായി സഹമുറിയന്മാരായ ജാബിറും,അനൂപും, അരവിന്ദും.. എല്ലാവരുടെയും മുഖത്ത് ‘ആദ്യരാത്രി അര്‍മാദിച്ചുറങ്ങിയതിന്‍റെ’ സന്തോഷം.. “എങ്ങനെയുണ്ടായിരുന്നെടാ ആദ്യരാത്രി..???” “തകര്‍ത്തു.. ഒരുപാട് വീട്ടിലെ ആദ്യരാത്രികള്‍ ഉണ്ടായിരുന്നെങ്കിലും ഇത്രേം നല്ല ആദ്യരാത്രി ആദ്യമാ.. അത്രയ്ക്ക് കിടിലന്‍, കിടിലോല്‍കിടിലം..സുഖമായുറങ്ങി…” എനിക്കുവേണ്ടിയും, പിന്നെ എന്‍റെ ശാന്തമായ ആദ്യരാത്രിക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും പെരുത്ത് നന്ദി.. ഈ കഥ എനിക്ക് പറഞ്ഞു തന്ന എന്‍റെ സ്ഥിര സാങ്കല്പിക കഥാപാത്രം ഫായിസിനും ഒരായിരം നന്ദി.. സ്നേഹത്തോടെ, ഫിറോസ് കണ്ണൂര്‍..