ജീവിതത്തിൽ കാഴ്ചയ്ക്കും കേൾവിക്കുമെല്ലാം അത്രമേൽ പ്രാധാന്യമുണ്ട്. അപ്പോൾ വെളിച്ചമോ ശബ്ദമോ കാണാതെയും കേൾക്കാതെയും ജന്മനാ അന്ധരും ബധിരരുമായി ഭൂമിയിലേക്ക് എത്തുന്നവരുടെ അവസ്ഥ എത്ര നൊമ്പരപ്പെടുത്തുന്നതാണ്. എന്നാൽ,ലോകം ഒരുപാട് പുരോഗമിച്ച സാഹചര്യത്തിൽ പലർക്കും കാഴ്ച്ചയും കേൾവിയുമെല്ലാം തിരികെ ലഭിക്കാറുണ്ട്. അത്തരമൊരു കണ്ണുനിറയ്ക്കുന്ന, സന്തോഷകരമായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ജന്മനാ കാഴ്ചയും കേൾവിയും ഇല്ലാത്ത പെൺകുട്ടി വർഷങ്ങളായി ഒട്ടനവധി ശസ്ത്രക്രിയകൾക്ക് വിധേയയായി. പക്ഷെ, ഒന്നിലും ഫലം കണ്ടില്ല. ഒടുവിൽ വളരെ സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയയിലൂടെ അവളുടെ കാഴ്ച ശാസ്ത്ര ലോകം തിരികെയെത്തിക്കുകയാണ്. ശസ്ത്രക്രിയക്ക് ശേഷം കണ്ണിലെ കെട്ടഴിക്കുമ്പോൾ കരയുന്ന കുട്ടിയെ ‘അമ്മ ചേർത്ത് പിടിച്ചിരിക്കുകയാണ് വിഡിയോയിൽ.
അത്രനാളും കണ്ണുതുറന്നാലും ഇല്ലെങ്കിലും ഇരുട്ട് മാത്രം മുന്നിലുള്ള കുഞ്ഞ് അപ്പോഴും കണ്ണുതുറക്കാതെ കരയുകയാണ്. ഒടുവിൽ കുഞ്ഞിനെ ആശ്വസിപ്പിച്ച ശേഷം മെല്ലെ കണ്ണുകൾ തുറക്കുമ്പോൾ നിറപ്പകിട്ടാർന്ന ലോകമാണ് മുന്നിൽ. ആദ്യം ഒന്ന് അമ്പരന്ന് പോയ കുട്ടി കൗതുകത്തോടെ എല്ലാവരെയും ഉറ്റു നോക്കുന്നത് വിഡിയോയിൽ കാണാം. ഹൃദയം തൊടുന്ന ഈ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.