ഒറ്റപ്പെട്ടു പോയ നിമിഷങ്ങളില്‍ കരുതലോടെ ചേര്‍ത്തുപിടിച്ച അമ്മയെ കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് നികേഷ് സോനു. പ്രാണനെ പോലെ സ്‌നേഹിച്ച ആദ്യ പങ്കാളി എല്ലാം വിട്ടെറിഞ്ഞ് പോയപ്പോള്‍ ഭൂമി പിളര്‍ന്നു പോലുന്ന പ്രതീതിയായിരുന്നു. അന്ന് സങ്കടഭാരം നെഞ്ചിലേറ്റിയ തനിക്ക് തണലായി നിന്നത് അമ്മയാണെന്ന് നികേഷ് കുറിക്കുന്നു.
നികേഷ് ഉഷാ പുഷ്കരൻ ബിസിനസ്സകാരനും എം.എസ് സോനു ബിപിഒയിൽ സീനിയർ കൺസൽറ്റൻഡുമാണ്. ഒരു ഗേ ഡേറ്റിങ് ആപ് വഴിയാണ് ഇവർ കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. 2018 ജൂലൈ 5ന് ഗുരുവായൂർ അമ്പലത്തിലെത്തി മോതിരം മാറുകയും മാലയിടുകയും ചെയ്തു. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് ഇവരെ സ്വീകരിച്ചു. വിവാഹം നിയമവിധേയമാക്കൽ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുകയാണ്. ഫെയ്‌സ്ബുക്കില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് നികേഷിന്റെ കുറിപ്പ്.
കുറിപ്പ് ഇങ്ങനെ;
അമ്മയെ ആദ്യമായി ഞാൻ കെട്ടിപിടിക്കുന്നത് 14 വർഷം പ്രാണനെ പോലെ സ്നേഹിച്ച എന്റെ ex-partner, ഞാൻ എന്റെ വീട്ടിൽ വന്ന ഒരു ദിവസം, രാത്രി 10 മണിക്ക് വിളിച് നമ്മളെ ഒരുമിച്ചു ജീവിക്കാൻ ഈ നാട്ടുകാരും വീട്ടുകാരും സമ്മതിക്കില്ല അത് കൊണ്ട് നമുക്ക് പിരിയാം എന്ന് പറഞ് ഫോൺ കട്ട് ചെയ്ത ദിവസമാണ്. ഭൂമി പിളർന്നു പോകുന്നത് പോലെയാണ് അന്ന് എനിക്ക് തോന്നിയത്.
ഞാൻ ആ രാത്രി പുറത്തിറങ്ങി ആകാശത്തേക്കു നോക്കി ഉറക്കെ നിലവിളിച്ചു കരഞ്ഞു. എന്റെ കരച്ചിൽ കേട്ട് പേടിച്ചു അടുത്തേക്ക് വന്ന അമ്മയെ അന്ന് ആദ്യമായി ഞാൻ കെട്ടി പിടിച് കരഞ്ഞു. അവൻ എന്നെ ചതിച്ചു അമ്മ എന്ന് മാത്രം ഞാൻ പറഞ്ഞു. എന്റെ കണ്ണിൽ നിന്ന് ഒഴുകിയത് ചോരയായിരുന്നു അപ്പോൾ.
അന്ന് അമ്മ എന്നോട് പറഞ്ഞു നമ്മുടെ കൂടെ ഉള്ളവർ നമ്മളെ വിട്ടു പോയാലും നമ്മൾ ജീവിക്കണം എന്ന്. അന്ന് അമ്മയെ കെട്ടി പിടിച്ചപ്പോൾ എനിക്ക് കിട്ടിയ ആശ്വാസവും അമ്മയുടെ വാക്കുകളും ആണ് പിന്നീട് എന്നെ വീണ്ടും ജീവിതത്തിലേക്ക് കൈ പിടിച് ഉയർത്തി കൊണ്ട് വന്നത്. ഇന്ന് എന്റെ പാർട്ണർ സോനുവിന്റെ കൂടെയും അമ്മയുടെ കൂടെയും നിൽകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്. ആരൊക്കെ തളർത്താൻ നോക്കിയാലും ഞാൻ തളരില്ല. മുൻപോട്ട് തന്നെ…