ബ്ലസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ആടു ജീവിതം’ സിനിമയുടെ അണിയറ പ്രവർത്തകർ ജോർദ്ദാനിലെ മരുഭൂമിയില്‍ കുടുങ്ങിപ്പോയെന്ന വാർത്തക്കു പിന്നാലെ ഫേസ്ബുക്കിൽ വിവരങ്ങള്‍ പങ്കുവെച്ച് നടന്‍ പൃഥ്വിരാജ് രംഗത്തെത്തി. ഇപ്പോള്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും പൃഥ്വി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പൃഥ്വിരാജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്;
നമസ്ക്കാരം,
ഈ സമയത്ത് നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 24 മൂതല്‍ ആടുജീവത്തിന്‍റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു പിന്നീട് വാഡി റം മരുഭൂമിയിൽ ഞങ്ങൾ സുരക്ഷിതരാണെന്ന വിലയിരുത്തിയ ജോർദ്ദാൻ അധികൃതർ വീണ്ടും ഷൂട്ടിംഗ് തുടരാൻ അനുവദിച്ചു. എന്നാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മാര്‍ച്ച് 27 മുതൽ ഷൂട്ടിങ് നടത്താനുള്ള അനുമതി റദ്ദാക്കി. ഞാങ്ങള്‍ വാദി റാം മരുഭൂമിയിലെ ക്യാമ്പിലാണ് ഇപ്പോള്‍ താമസിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചിത്രീകരണം പുനരാരംഭിക്കാൻ ഉടൻ അനുമതി ലഭിക്കില്ലെന്നും ഉടൻ ഇന്ത്യയിലേക്ക് മടങ്ങുകയാണ് ഏക പോംവഴിയെന്നും അധികൃതർ ഞങ്ങളോട് പറഞ്ഞു.
ഏപ്രിൽ രണ്ടാം വാരം വരെ വാദി റമിൽ താമസിക്കാക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഭക്ഷണ സാധനങ്ങൾക്ക് ബൂദ്ധിമുട്ട് വരില്ല. അതുകഴിഞ്ഞാൽ എന്തു ചെയ്യുമെന്ന് അറിയില്ല. ഞങ്ങൾക്കൊപ്പം ഒരു ഡോക്ടറും ഉണ്ട്. അദ്ദേഹം ഓരോ 72 മണിക്കൂറിലും സംഘാംഗങ്ങളെ പരിശോധിക്കുന്നുണ്ട്. ഇതുകൂടാതെ ജോർദ്ദാൻ നിയോഗിച്ചിട്ടുള്ള സർക്കാർ ഡോക്ടറും പരിശോധന നടത്തുന്നുണ്ട്.
ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഞങ്ങളുടെ കാര്യം പരിഗണന വിഷയമല്ല. എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും നിലവിലെ സാഹചര്യത്തെക്കുറിച്ച് അറിയിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് തോന്നി. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും മടങ്ങാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ. ലോകമെമ്പാടും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. ജീവിതം സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. ചിയേഴ്സ്.