ഏറ്റവും പ്രിയപ്പെട്ട മനുഷ്യര്‍ വിട്ടു പിരിയുന്നത് എത്ര വേദനിച്ചാലും ഒപ്പുണ്ടായിരുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഒരുപക്ഷേ നാളുകള്‍ കടന്നുപോയാലും ആ വേദനകളെ അവര്‍ ഒപ്പംകൂട്ടിയിട്ടുണ്ടാകും. പ്രിയപ്പെട്ടവര്‍ക്കും പ്രേക്ഷകര്‍ക്കും ഇന്നും ഉള്‍ക്കൊള്ളാന്‍ കഴഇയാത്ത ഒരു വേര്‍പാടായിരുന്നു സീരിയല്‍ നടന്‍ ശബരിനാഥിന്റേത്. ടെലിവിഷന്‍ സീരിയല്‍ പരമ്പരകളില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ശബരിയെ പ്രിയപ്പെട്ടവര്‍ക്ക് നഷ്ടമാകുന്നത്. പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ അഭിനയിക്കുമ്പോഴായിരുന്നു ആ വേര്‍പാട്.
2020 സെപ്റ്റംബര്‍ 17-ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 43കാരനായ താരം അന്തരിച്ചത്. എന്നാല്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇപ്പോഴും തോരാ കണ്ണീരോടെയാണ് ശബരിയെ ഓര്‍ക്കുന്നത്. തങ്ങള്‍ ഇപ്പോഴും ആ വേദനയില്‍ നിന്ന കരകയറിയിട്ടില്ല എന്നാണ് അഭിനേതാവ് സാജന്‍ സൂര്യ പറയുന്നത്. അസുഖബാധിതനല്ലാത്ത ചെറുപ്പക്കാരനായ ഏതൊരാളുടെ മരണവും ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അത് തന്നെയാണ് ശബരിനാഥിന്റെ കാര്യത്തിലും സംഭവിച്ചത്. അടുത്തറിയാവുന്ന ഏതൊരാളും ഈ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കുറച്ച് സമയമെടുത്തിട്ടുണ്ട്. കാരണം ഫിസിക്കലി ഫിറ്റായ ആളായിരുന്നു ശബരി.
ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധയുള്ള ആളാണ് ശബരിയെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്. ഒരു ദുഃശീലവുമില്ല, വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന ശബരിയെ എങ്ങനെ മരണം തട്ടി എടുത്തു എന്ന ചിന്തയായിരുന്നു എല്ലാവര്‍ക്കും. പതിനെട്ട് വര്‍ഷമായ സൗഹൃദമാണ് സാജനും ശബരിനാഥും തമ്മില്‍. ‘നിര്‍മ്മാല്യം’ എന്ന പരമ്പരയിലൂടെയാണ് സാജനും ശബരിനാഥും ആദ്യമായി ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നത്. പിന്നീട് ‘ഇന്നലെ’ എന്ന സീരിയലിലും ഒരുമിച്ച് അഭിനയിച്ചു. ഈ സൗഹൃദം രണ്ട് കുടുംബങ്ങള്‍ക്കിടയിലും വളര്‍ന്നു. എല്ലാവരും ഒന്നിച്ച ഒരുപാട് യാത്രകള്‍ പോകുകയും ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു.
ശബരിയുടെ ചേച്ചിയുടെ മകനാണ് തന്നെ വിളിച്ച് വിവരം അറിയിച്ചതെന്നും ‘ശബരി കുഴഞ്ഞുവീണു’ എന്ന് താന്‍ മാത്രമേ കേട്ടുള്ളുവെന്നും ഏത് ആശുപത്രിയിലാണ് എന്ന് ചോദിച്ചു മനസ്സിലാക്കിയശേഷം താന്‍ ഫോണ്‍ കട്ട് ചെയ്‌തെന്നും സാജന്‍ പറയുന്നു. പിന്നീട് സാജന്‍ കേട്ടത് ആ മരണ വാര്‍ത്തയാണ്. ശബരിയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ഇതുവരെ ആ കുടുംബത്തില്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നാണ് സാജന്‍ പറയുന്നത്. ഭാര്യയും രണ്ട് പെണ്‍മക്കും അടങ്ങുന്നതാണ് ശബരിയുടെ കുടുംബം. ‘അവന്റെ കുടുംബം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. മൂത്ത മോള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്ന പ്രായമായി.
അതുകൊണ്ടുതന്നെ അവള്‍ അച്ഛന്റെ വിയോഗത്തെ ഉള്‍ക്കൊള്ളുകയാണ്. പക്ഷേ ഇളയമകള്‍ ഇപ്പോഴും ഇടയ്ക്കിടെ അച്ഛനെ തിരക്കും. അവള്‍ കുഞ്ഞല്ലേ, അവള്‍ക്കറിയില്ലല്ലോ….’ എന്ന് സാജന്‍ സൂര്യ പറയുന്നു. ഏത് പാതിരാത്രി വിളിച്ചാലും ഒരു താല്‍പ്പര്യക്കുറവും പറയാതെ നമുക്കരികിലേയ്ക്ക് ഓടിയെത്തുന്ന ആളായിരുന്നു ശബരി എന്നാണ് സാജന്‍ പറയുന്നത്. എല്ലാവരേയും സഹായിക്കാനുള്ള മനസ്സാണ് അവനെപ്പോഴും.
എന്നും കുറേ കഥകള്‍ പറയാനുണ്ടാവും ഞങ്ങള്‍ക്ക്. അന്നും ഒരുപാട് സംസാരിച്ചാണ് ഞങ്ങള്‍ പിരിയുന്നത്. രാത്രി കാണാം എന്ന് പറഞ്ഞാണ് അവന്‍ ഫോണ്‍വെക്കുന്നത്. എന്നാല്‍ അത് എന്നന്നേക്കുമായുള്ള ഒരു വിടപറച്ചിലായിരിക്കും എന്ന് ഞാന്‍ ഒരിയ്ക്കലും കരുതിയില്ല.