28 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ അഭയ കേസ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. കേരളം പ്രത്യാശയോടെ കഴിഞ്ഞ നാളുകളായിരുന്നു കഴിഞ്ഞ് പോയത്. എന്നാല്‍, ഇപ്പോഴിതാ, പ്രതികളെ ന്യായീകരിച്ച് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ്. ക്രിസ്ത്യന്‍ സഭയിലെ വൈദികന് ഒരിക്കലും ഒരു കൊലപാതകം നടത്താന്‍ കഴിയില്ലെന്ന് ജോര്‍ജ് പറയുന്നു.
സിസ്റ്റര്‍ അഭയയെ കാണാനില്ലെന്ന് മഠത്തില്‍ നിന്നും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫാ തോമസ് കോട്ടൂര്‍, ഫാ ജോസഫ് പൂതൃക്കയില്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയതെന്ന് തന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ ജോര്‍ജ്ജ് ജോസഫ് പറയുന്നു. വൈദിക പഠനം നടത്തിയ ഒരാള്‍ക്ക് കൊലപാതകം ചെയ്യാനാകില്ലെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.
‘ക്രിസ്ത്യന്‍ സഭയിലെ വൈദികന് ഒരിക്കലും ഒരു കൊലപാതകം നടത്താന്‍ കഴിയില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം പതിനൊന്ന് വര്‍ഷത്തെ ശിക്ഷണത്തിനു ശേഷമാണ് അവര്‍ വൈദികരാകുന്നത്. എല്ലാ പള്ളികള്‍ക്കു കീഴിലും ഒരു മഠം ഉണ്ടാകും. ഈ മഠങ്ങളില്‍ നിന്നും ഒരു കന്യാസ്ത്രിയെ കാണാതായാല്‍, അല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ അത് കാണുന്ന കന്യാസ്ത്രീ അവിടുത്തെ മദര്‍ സുപ്പീരിയറെ വിവരം അറിയിക്കും.
മദര്‍ സുപ്പീരിയര്‍ അവരുടെ സഭയുടെ മദര്‍ ജനറാളിനെ അറിയിക്കുകയും അവരുടെ അഭിപ്രായം ചോദിക്കുകയും ചെയ്യും. അതാണ് അവരുടെ ചിട്ട. തുടര്‍ന്ന് കന്യാസ്ത്രീമാര്‍ അവരുടെ മഠം ഇരിക്കുന്ന സ്ഥലത്തെ വികാരിയച്ചനെ വിവരം അറിയിക്കും. ഈ കേസില്‍ കോട്ടൂരച്ചനും പൂതൃക്കയച്ചനും സ്കൂട്ടറില്‍ അവിടെ വന്നത് അങ്ങനെയാണ്.’
‘സാധാരണഗതിയില്‍ ഇത്തരമൊരു കേസ് വന്നാല്‍ മഠത്തില്‍ നിന്നും അടുത്തുള്ള പള്ളിയിലെ വൈദികരെ വിവരം അറിയിക്കും. വൈദികര്‍ പള്ളിയിലെ കൈക്കാരന്മാരെ അറിയിക്കും അവരുമായി ആലോചിച്ചതിനു ശേഷം സഭയ്ക്ക് വിശ്വാസമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കും. എല്ലാ സ്ഥലങ്ങളിലും ഇത്തരത്തിലൊരു ഉദ്യോഗസ്ഥനുണ്ട്. ഉദ്യോഗസ്ഥന്‍ എത്തിയതിനു ശേഷം എന്താണ് പ്രശ്നം എന്ന് പരിശോധിക്കും.
അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് അതിന്റെ ചിട്ട. അങ്ങനെയാണ് പോലീസ് ഉദ്യോഗസ്ഥനായ കെടി മൈക്കിള്‍ അവിടെ ചെന്നത്. ആ മഠക്കാര്‍ക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം,’ ജോര്‍ജ്ജ് ജോസഫ് പറയുന്നു.