മെഗാസ്റ്റാർ മമ്മൂട്ടിയും കാവ്യാ മാധവനും മുഖ്യ വേഷത്തിലെത്തിയ ഹൊറർ ത്രില്ലർ ആയിരുന്നു അപരിചിതൻ. ഈ സിനിമയിൽ ഇവർക്കൊപ്പം തന്നെ ശ്രദ്ധ നേടിയിരുന്നു വെള്ളാരം കണ്ണുള്ള ആ സുന്ദരിയും. അന്ന് കല്യാണി എന്ന ആദിവാസി കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ച ആ നടി ആരാണെന്നു അറിയാമോ? മഹി വിജ് എന്ന പ്രശസ്തയായ ഹിന്ദി സീരിയൽ നടിയാണ് നമ്മുടെ പഴയ കല്യാണി. ‘ലാഗി തുജ്‌സെ ലഗൻ’,’ബാലിക വധു’ എന്നീ ഹിന്ദി സീരിയലുകളിൽ തിളങ്ങിയ താരത്തിന്റെ ആദ്യത്തെ അഭിനയ സംരംഭമായിരുന്നു ഈ മലയാള ചിത്രം.
പ്രശസ്ത സിനിമാട്ടോഗ്രാഫർ സന്തോഷ് ശിവന്റെ സഹോദരൻ സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവൻ തന്നെയാണ്. ദേവി, സിമി,മിനു എന്നീ മൂന്നു കൂട്ടുകാരെ ഒരു അപകട സാഹചര്യത്തിൽ നിന്ന് രക്ഷിക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ രഘു റാമിന്റെ കഥ പറയുന്ന സിനിമയാണ് ‘അപരിചിതൻ’. വഴിമദ്ധ്യേ കണ്ടു മുട്ടിയ മിനുവിനോട് തന്റെ ജീവിത കഥ രഘുറാം പറയുന്നതിനിടെയാണ് കല്യാണി എന്ന ആദിവാസി പെൺകുട്ടി സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.
അവളെ അപായപ്പെടുത്തി കൊന്നവരോട് പകരം ചോദിക്കുവാൻ കല്യാണിയും രഘുറാമും പ്രേതങ്ങളായി എത്തുന്നു എന്നതാണ് കഥയുടെ ട്വിസ്റ്റ്. സിനിമയിൽ വളരെ കുറച്ചു സീനുകളിൽ മാത്രം വന്നുപോകുന്നു എങ്കിലും മഹിയുടെ മനോഹരമായ കണ്ണുകളും നിഷ്കളങ്കമായ അഭിനയവും അന്ന് ശ്രദ്ധ നേടിയിരുന്നു. ‘കുയിൽ പാട്ടിൽ ഊഞ്ഞാലാടാം’ എന്ന പാട്ടും ആ വെള്ളാരൻ കണ്ണുള്ള സുന്ദരിയും ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.
പതിനേഴാം വയസിൽ മോഡലിംഗ് രംഗത്ത് എത്തിയ മഹി, ഒട്ടേറെ മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ചിത്രത്തിന് ശേഷം ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ചു എങ്കിലും ‘ലാഗി തുജ്‌സെ ലഗൻ’ എന്ന സീരിയലിലെ നകുശ എന്ന കഥാപാത്രമാണ് മഹിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന്, എൻകൗണ്ടർ, ലാൽ ഇഷ്‌ക് എന്നീ സീരിയലുകൾക്ക് പുറമേ, ഭർത്താവ് ജയ് ഭാനുശാലിക്കൊപ്പം ഒരു ഡാൻസ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.
മഹിയുടെ ഭർത്താവ് ജയ് യും ഹിന്ദിയിലെ തിരക്കേറിയ സീരിയൽ നടനാണ്.മഹി- ജയ് വിവാഹം ഹിന്ദി ടെലിവിഷൻ ഇൻഡസ്ട്രിയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു താര വിവാഹമായിരുന്നു. 2011 ൽ രണ്ടുപേരും വിവാഹം കഴിക്കുകയും പിന്നീട് ഇവർ രണ്ടു കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഈ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞു പിറക്കുകയും ചെയ്തു. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ അതി ഗംഭീരമായാണ് രണ്ടു പേരും ആഘോഷിച്ചത്.