മലയാളികള്‍ക്ക് ഏറെ പരിചയമുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു സോഷ്യല്‍ മീഡിയയിലും സജീവമാണ്. ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് മുന്‍പ് അവര്‍ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ ഏൽക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് രഞ്ജു പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്.
സിനിമ ഇന്‍ഡസ്ട്രിയിലേക്ക് വരുന്നതിന് മുന്‍പ് കുറേ കാര്യങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്നത്തെ വിഷമങ്ങളെല്ലാം ഉചിതമായ രീതിയില്‍ തന്നെയാണ് നേരിട്ടതെന്ന് ഇപ്പോള്‍ തോന്നുന്നു. വാക്കുകള്‍ കൊണ്ടും ശാരീരികമായും ആക്രമിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. അന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നുവെങ്കില്‍ ഇത് പോലെ സംസാരിക്കാന്‍ പറ്റില്ലായിരുന്നു. എല്ലാം സഹിക്കുകയായിരുന്നു അന്ന്.
5ാമത്തെ വയസ്സിലാണ് എന്റെയുള്ളിലെ സ്ത്രീ ഇഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്. ചേച്ചിക്ക് മേടിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ മേടിക്കാനാണ് ആദ്യം പറഞ്ഞത്. അത് എന്റെ നിഷ്‌കളങ്കതയായാണ് അമ്മ കണ്ടത്. അമ്മ എന്നെ എതിര്‍ത്തിരുന്നില്ല. അന്നും ഇന്നും എനിക്കൊപ്പമുണ്ട്. സഹോദരങ്ങളും അച്ഛനുമായിരുന്നു എതിര്‍ത്തത്.
ആറാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടത്. കൊല്ലപരീക്ഷ എഴുതാൻ രണ്ടുരൂപ ഫീസ് കൊടുക്കാൻ പോലും തരാൻ അന്ന് വീട്ടുകാരുടെ കൈയ്യിൽ ഉണ്ടായിരുന്നില്ല. വീടിനടുത്തുള്ള ഒരാളോട് ഞാൻ സഹായം ചോദിച്ചു . അയാൾ തന്നെങ്കിലും എന്നെ ശാരീരികമായി അയാൾ ദുരുപയോഗം ചെയ്യുകയും ചെയ്തു. എന്താണ് നടക്കുന്നതെന്ന് എന്ന് പോലും എനിക്ക് അന്ന് മനസ്സിലായിരുന്നില്ല.
വർഷങ്ങൾ കഴിഞ്ഞാണ് രണ്ടുരൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് ഞാൻ മനസിലാക്കുന്നത്. അന്ന് ദ്രോഹിച്ച ആളുടെ വീടും സ്ഥലവും ഞാൻ പിന്നീട് നാല്പതുലക്ഷം രൂപയ്ക്കു വാങ്ങിയെന്നും വനിതക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജു പറയുന്നു. ആണിൽ സ്ത്രൈണത കണ്ടാൽ കളിയാക്കുകയും കല്ലെറിയുകയും ചെയ്യുന്ന കാലത്താണ് ഇത് സംഭവിച്ചത്. പലരും ശാരീരികമായി ചൂഷണം ചെയ്യും ഉപദ്രവിക്കും.
ഉത്സവങ്ങൾക്ക് ഗാനമേള ഉള്ള ഇടത്തും മറ്റും എന്തെങ്കിലും പരിപാടി അവതരിപ്പിക്കാൻ അവസരം ചോദിക്കുമായിരുന്നു ഞാനും കൂട്ടുകാരും. അപ്പോൾ ഏൽക്കേണ്ടി വന്ന അധിക്ഷേപം ഭീകരമാണ്. അനാവശ്യ സ്പർശനങ്ങളും ബല പ്രയോഗങ്ങളും വേറെ. ഞങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നവരുടെ മന സ്ഥിതി മനസിലാക്കാൻ പ്രയാസമാണ്. പുറമെ മാന്യന്മാർ ആണ് പലരും.
പോലീസിന്റെ ഉപദ്രവങ്ങും ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതൊക്കെ മനസ്സിനെ വേട്ടയാടും. അന്ന് കിട്ടിയ അടിയുടെ പാടുകൾ വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ മായാതെ നിലനിൽക്കുന്നുണ്ട്. അമ്മയുടെ ഗർഭ പാത്രത്തിലേക്ക് പോയാൽ മതിയെന്ന് ആഗ്രഹിച്ച നാളുകൾ ഉണ്ടായിട്ടുണ്ട്. അന്നുണ്ടായ വേദനകളാണ് എന്നെ ശരിക്കും ശക്തയാക്കിയത്. ആർ എൽ വി ഉണ്ണികൃഷ്ണൻ സാറിനെ ജീവിതത്തിൽ പരിചയപ്പെട്ടതാണ് വഴിത്തിരിവായി മാറിയത്.
അദ്ദേഹത്തിന്റെ കൂടെ കുട്ടികളെ ഒരുക്കാൻ സഹായി ആയി ഞാൻ മാറി. അങ്ങനെ കലോത്‌സവേദികളിൽ സ്ഥിരം മേക്ക്അപ് ആർട്ടിസ്റ്റായി. ചില പരസ്യങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചു. അന്ന് തിളങ്ങുന്ന താരമായിരുന്നു ജ്യോതിർമയി. ജ്യോതിർമയി എന്നെ പേഴ്സണൽ മേക്ക്അപ് ആർട്ടിസ്റ്റാക്കി മാറ്റി. പിന്നീടാണ് മുക്ത മംമ്ത, അനുശ്രീ വിഷ്ണു പ്രിയ നസ്രിയ, ഭാവന തുടങ്ങി നിരവധി നടിമാരുടെ മേക്കപ്പ് ആർട്ടിസ്റ്റായി ഞാൻ മാറുന്നത്.
എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. പരസ്പരം പ്രണയമാണ് എന്ന് പറഞ്ഞിട്ടില്ല. പക്ഷേ പ്രണയത്തിലാണ് എന്ന് ഇരുവർക്കും അറിയാവുന്ന ഒരു ബന്ധം. ഈ അടുപ്പം അവന്റെ ഭാവിയെ പഠിക്കും എന്ന ബോധ്യം ഉള്ളതുകൊണ്ട് ഞാൻ പിന്മാറി. കൂടിക്കാഴ്ച ഇല്ലെങ്കിലും ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്. ഇന്നും അവൻ എന്റെ മനസ്സിൽ മായാതെയുണ്ട്. അതിനാൽ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല.