മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു ആര്യ മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് ബിഗ് ബോസിലൂടെയും ആര്യ മലയാളികൾക്ക് മുന്നിലെത്തി. ഇപ്പോൾ അവതാരകയായും അഭിനേത്രിയായുമൊക്കെ തിളങ്ങുകയാണ് താരം. അടുത്തിടെയാണ് ബഡായി ടോക്കിസ് ബൈ ആര്യ എന്ന തന്റെ യൂട്യൂബ് ചാനലിനേക്കുറിച്ച് താരം പറഞ്ഞത്. താൻ ഉടൻ തന്നെ വ്ലോഗിങ്ങിലേക്കും കടക്കുമെന്ന് താരം ഏറെ നാളുകൾക്ക് മുന്നേ പറഞ്ഞിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് ആര്യയിപ്പോൾ. ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹമാണ് നാളെ. അഞ്ജനയുടെ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങളാണിപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. 2020 ഡിസംബറിലായിരുന്നു അഞ്ജനയുടേയും അഖിലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമുള്ള ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ആര്യ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.
വർക്കലയിലെ വിൽമൗണ്ട് ഹോട്ടലിൽ വച്ചായിരുന്നു ഹൽദി ചടങ്ങുകൾ നടന്നത്. വെള്ള നിറത്തിലെ വസ്ത്രമണിഞ്ഞാണ് എല്ലാവരും ചടങ്ങിനെത്തിയത്. വൈകുന്നേരം ലെഹങ്കയണിഞ്ഞാണ് ആര്യയെത്തിയത്. തന്റെ സഹോദരിയുടെ വിവാഹം മനോഹരമായി നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ആര്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സഹോദരിയുടെ വിവാഹനിശ്ചയത്തിന് ഏറ്റവും കൂടുതൽ തിളങ്ങിയത് ആര്യയായിരുന്നു.
തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഞ്ജനയുടെ വിവാഹമെന്നും ആര്യ പറഞ്ഞിട്ടുണ്ട്. അഞ്ജനയുടേത് ലവ്-അറേഞ്ചഡ് മ്യാരേജ് ആണെന്നും ആര്യ പറഞ്ഞിരുന്നു. അഖിലും അഞ്ജനയും കോളേജിൽ ഒന്നിച്ച് പഠിച്ചതാണ്. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണ്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ഇരുവരും ജോലി ചെയ്യുന്നത്. അച്ഛനാണ് ഇവരുടെ പ്രണയത്തേക്കുറിച്ച് ആദ്യം അറിയുന്നതെന്നും ആര്യ പറഞ്ഞിരുന്നു.