ആലപ്പി അഷ്റഫ് പങ്ക് വച്ച പോസ്റ്റ്;
അച്ചന്റെ അപൂർവ്വ ചിത്രവും,
പുത്രനുണർത്തുന്ന പുതിയ പ്രതീക്ഷകളും…
എന്റെ സംവിധാനത്തിലുള്ള ആദ്യ ചിത്രമാണ് ” ഒരു മാടപ്രാവിന്റെ കഥ”. പ്രേംനസീർ, മമ്മൂട്ടി, സീമ നളിനി, വനിത , മീന, കുതിരവട്ടം പപ്പു ,ഭീമൻ രഘു, രാമു, ശങ്കരാടി തുടങ്ങി വൻ താരനിരതന്നെയുണ്ടായിരുന്നു. എന്നാൽ മറ്റൊരു സവിശേഷചരിത്രം എന്തെന്നാൽ ഈ ചിത്രത്തിൽ മോഹൻലാലും അഭിനയിച്ചിരുന്നു എന്നതാണ്. സീമയുടെ കാമുകനായ്.
ഈ ചിത്രത്തിന് വേണ്ടി നസീർസാർ കോമ്പിനേഷനിൽ മോഹൻലാൽ ഒരു ദിവസം വന്നു അഭിനയിച്ചു എന്ന കാര്യം അധികം ആർക്കും അറിയാത്ത സത്യമാണ്. ഇന്നു അതിന്റെ ഓർമ്മയുടെ ബാക്കിപത്രമായ് ഒന്നുരണ്ടു് ഫോട്ടോകൾ മാത്രം പഴയ Album ത്തിൽ ബാക്കിയാകുന്നു. എന്നാൽ പ്രേംനസീർ കോമ്പിനേഷനിൽ ആ സമയത്ത് ഡേറ്റുകൾ ലാലിന് തീരെ ഇല്ലാതിരുന്നതിനാൽ, ഈ ചിത്രത്തിൽ നിന്നും തന്നെ ഒന്നു ഒഴിവാക്കി തരാമോ എന്നായിരുന്നു ലാലിന്റെ അഭ്യർത്ഥന, അടുത്ത ചിത്രത്തിൽ താനുണ്ടാകുമെന്നു ഉറപ്പും അദ്ദേഹം നല്കി.
കഥയിൽ നിന്നും സിനിമയിൽ നിന്നും ആ കഥാപാത്രത്തെ പൂർണമായ് ഒഴിവാക്കി കൊണ്ടായിരുന്നു ഞാൻ ലാലിന്റെ ആവശ്യം പരിഗണിച്ചത്. അടുത്ത പടം വനിതാപോലീസിൽ മോഹൻലാൽ ആ വാക്ക് കൃത്യമായ് പാലിക്കുകയും ചെയ്തു. ഇതിനിടെ ഒരു ദിവസത്തെ പ്രേംനസീർ, മോഹൻലാൽ കോമ്പിനേഷനിൽ, ഒരു കോമഡി ഫൈറ്റ് സീക്വൻസ് ഷുട്ടു ചെയ്ത് കഴിഞ്ഞിരുന്നു.
ആ ഫൈറ്റിൽ രണ്ടു പേർക്കും ഡ്യൂപ്പുകളുണ്ടായിരുന്നു. സാധാരണ ഡ്യൂപ്പ് ഉള്ളപ്പോൾ ഒരേ പോലത്തെ രണ്ടു ഡ്രസ്സുകൾ കരുതാറുണ്ടു്. ഡുപ്പിനും അഭിനേതാവിനും. എന്നാൽ തിരക്കിൽ കോസ്റ്റുമർ വേലായുധൻകീഴില്ലത്തിന് ഒരണ്ണമെ പൂർത്തിയാക്കാൻ പറ്റിയുള്ളു. മോഹൻലാൽ അഭിനയിച്ചു തുടങ്ങുകയുംചെയ്തു.
ഇടക്ക് ഡ്യൂപ്പിന്റെ സീക്വൻസ് എടുക്കാൻ നേരം ആകെ ആങ്കലാപ്പായി. ഞാൻ എന്റെ ദേഷ്യം പ്രൊഡക്ഷൻ മാനേജർ കബീറിനോടും, കോസ്റ്റ്യൂമറോടും തീർത്തു. ഇത് മനസിലാക്കിയ മോഹൻലാൽ ഒട്ടും മടിക്കാതെ, ആരും ആവശ്യപ്പെടാതെ താൻ ധരിച്ചിരുന്ന ഷർട്ട് ഉരി തന്റെ ഡ്യൂപ്പായ ഫൈറ്റർക്ക് നല്കി. അങ്ങിനെ ഗംഭീര ഘോരസംഘടന രംഗങ്ങൾ ഷൂട്ടു ചെയ്തു കഴിഞ്ഞപ്പോൾ, ആ ഷർട്ട് പിഴിഞ്ഞാൽ ഏകദേശം ഒരു ലിറ്ററോളം വിയർപ്പു് കിട്ടും. അത്രത്തോളം കുതിർന്ന് പോയി ലാലിന്റെ ആ ഷർട്ട്.
വീണ്ടും മോഹൻലാലിന്റെ സീക്വൻസ് എടുക്കണം, എല്ലാവരും പരിഭ്രാന്തരായി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ അകെ വിഷമിച്ചു.. ഷൂട്ടിംഗ് എല്ലാം കുളമായിപ്പോയല്ലോ എന്നോർത്ത് ആകെ സങ്കടപ്പെട്ടപ്പോൾ, അതാ ലാൽ ഡ്യൂപ്പിനോട് ഷർട്ട് ഉരിത്തരാൻ ആവശ്യപ്പെടുന്നു. അയാൾ മടിച്ചപ്പോൾ ലാൽ നിർബ്ബന്ധച്ചു, ആ തമിഴ് ഫൈറ്റർ ലാലിന്റെ നിർബ്ബത്തിന് വഴങ്ങി. നമ്മുടെ യൂണിറ്റിലെ തന്നെ ഒരു വ്യക്തി ലാലിനെ അതിൽ നിന്നും പിൻന്തിരിപ്പിക്കാനായ് ചെവിയുടെ അടുത്ത് ചെന്ന് എന്തോ മന്ത്രിച്ചു. ലാലിന്റെ മറുപടിയാണ് ഞാൻ കേട്ടത്. “അണ്ണാ അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ….?”
ആ വിയർപ്പിൽ കുതിർന്ന ഷർട്ട് ഒട്ടും മടിക്കാതെ മോഹൻ ലാൽ വീണ്ടും ധരിച്ച് ഷൂട്ടിംഗ് സന്തോഷത്തോടെ ഭംഗിയായി പൂർത്തികരിച്ച് തന്നു. “അയാളും നമ്മളെപ്പോലെ ഒരു മനുഷ്യനല്ലേ ” എന്ന ലാലിന്റെ ആ വാക്ക് എന്റെ മനസ്സിന്റെ താളുകളിൽ അന്നേ ആഴത്തിൽ പതിഞ്ഞിരുന്നു- ഇന്നും മങ്ങാതെ… മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിപ്പിക്കുന്ന മനുഷ്യ സ്നേഹിയായ ആ കലാകാരൻ, തന്റെ ജീവിതമാണ് തന്റെ സന്ദേശം അന്വർത്ഥമാക്കുന്നു. വീണ്ടും അതോർമ്മപ്പെടുത്തുന്നത് ലാലിന്റെ മകൻ പ്രണവിന്റ സ്വഭാവത്തിലൂടെയാണ്. മധുരത്തിന് പിന്നാലെ വന്ന ഇരട്ടി മധുരം
അതേ, പ്രണവിന്റെ മനുഷ്യത്വം, മനസാക്ഷി, മാനവിക കാഴ്ചപ്പാട് എന്നിവ സമാനതകളില്ലാത്തതാണ്. ചലച്ചിത്ര ചരിത്രത്തിൽ പേരഴുതാൻ ആഗ്രഹിച്ചവർ ഏറെയാണ് , എന്നാൽ മാനുഷിക മൂല്യവും സഹജീവി സ്നേഹവും കൈമുതലാക്കിയവർ അവരുടെ പേരുകൾ അവിടെ രേഖപ്പെടുത്തപ്പെടും. മറ്റുള്ളവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവിറ്റ്കൊട്ടയിലാണ്.
താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന മാസ്മരികതയിലും ആഢംബരത്തിലും അഹങ്കാരത്തിലും ലഹരിയിലും മതിമറന്നു കഴിയുന്ന പുതു തലമുറയിലെ ചില താരങ്ങൾക്ക്, അവരുടെ ഇരുട്ട് വാഴുന്ന ഹൃദയത്തെ വെളിച്ചത്തിന്റെ നേർവഴിക്ക് തിരുത്തി വിടാൻ പ്രണവ് ഒരു മാതൃകയാകും എന്നു പ്രത്യാശിക്കാം. അത് അങ്ങിനെ തന്നെയാകട്ടെ.
മലയാള സിനിമ കണ്ടതിൽ വെച്ച് എക്കാലത്തേയും ഏറ്റവും വല്യ മനുഷ്യ സ്നേഹത്തിന്റെ മാതൃക പുരുഷൻ ശ്രീ.പ്രേംനസീർ ആയിരുന്നു. ലാലിന്റെ മകൻ മലയാള സിനിമയിൽ ഉറച്ചു നിന്നാൽ, പ്രണവിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു പ്രേംനസീർ പുനർജനിക്കും ഉറപ്പാ, ആ നല്ല നാളുകൾക്കു വേണ്ടി
പ്രതീക്ഷകളോടെ കാത്തിരിക്കാം…
ആലപ്പി അഷറഫ്