ശ്രീവിദ്യ ഫെയ്‌സ്ബുക്കില്‍ എഴുതിയത്: അച്ഛന്‍ മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ അരെങ്കിലും ഇങ്ങനെ എഴുതുമോ എന്നറിയില്ല. ഇപ്പോള്‍ എഴുതിയില്ലെങ്കില്‍ ചിലപ്പോല്‍ പിന്നീട് പറ്റിയില്ലെന്ന് വരും. തനിയെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ക്വാറന്റീനില്‍ ഇരിക്കുമ്പോള്‍ മറ്റെന്തു ചെയ്യണമെന്ന് എനിക്കറിയില്ല. തൊട്ടടുത്തുള്ള കസിന്റെ വീട്ടില്‍ അമ്മയുണ്ട്. ഞാന്‍ വന്നിറങ്ങിയ ഉടന്‍ എന്നെ കാണണമെന്ന് പറഞ്ഞ് ബഹളം കൂട്ടിയപ്പോള്‍ ഞാന്‍ ബാല്‍ക്കണിയില്‍ ഇറങ്ങി വെറുതെ നിന്നു.
ഒരു മിനിറ്റ് നിന്നിട്ട് അകത്തേക്ക് കയറിപ്പോന്നു. രണ്ട് വര്‍ഷത്തിനുശേഷമാണ് അമ്മയെ കാണുന്നത്. ദൂരത്തു നിന്ന് അമ്മയെ ആശ്വസിപ്പിക്കാന്‍ എനിക്കറിയില്ല. അച്ഛനു രണ്ടാഴ്ച്ച മുന്‍പ് കോവിഡ് സ്ഥിരീകരിച്ചു. ജനുവരിക്കു ശേഷം വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല രണ്ട് പേരും. ടീ വിയില്‍ എല്ലാം കണ്ടും കേട്ടും അച്ഛന്‍ ഒരു ഡിപ്രഷന്റെ വക്കു വരെ എത്തിയിരുന്നു എന്ന് അമ്മ പറഞ്ഞു. ഇടയ്ക്ക് ഒരു ദിവസം ദേവനോട് സംസരിക്കണമെന്നു പറഞ്ഞു. എപ്പോഴത്തേയും പോലെ പഴയ കാര്യങ്ങള്‍ എന്തെല്ലാമോ പറഞ്ഞു. ദേവന്‍ മിണ്ടാതെ മുഴുവന്‍ കേട്ടു. ഞാന്‍ അധികവും അമ്മയോടാണ് സംസാരിക്കാറുള്ളത്. ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു.
പറയാന്‍ വല്ലതും ബാക്കി വെച്ചിരുന്നോ എന്നറിയില്ല. സംസാരിക്കാന്‍ അച്ഛനു വലിയ ഇഷ്ടമായിരുന്നു. പലപ്പോഴും അതിനു ആളില്ലായിരുന്നു എന്നതാണു സത്യം. പുസ്തകങ്ങളും പത്രവും മാസികകളും വാരഭലവും ടീ വിയും ആയിരുന്നു തിരുവനന്തപുരത്തെ അച്ഛന്റെ ജീവിതം. ഒരു പരാതിയും ആരോടും പറഞ്ഞു ഞാന്‍ കേട്ടിട്ടില്ല. ഒരു പൈസ അനാവശ്യമായി കളയില്ല. തീരെ വയ്യാതാകുന്നതു വരെ ബസിലും പിന്നീട് ഓട്ടോറിക്ഷയിലുമല്ലാതെ ഒരിക്കല്‍ പോലും യാത്ര ചെയ്തിട്ടില്ല. വെളിയില്‍ നിന്ന് ഭക്ഷണം കഴിക്കില്ല. അച്ഛന്‍ എന്തിനാണു ഇങ്ങനെ സമ്പാദിക്കുന്നത് എന്നു ഞാനും ചേട്ടനും പലപ്പോഴും ചോദിച്ചിട്ടുണ്ട്.
ആ സമയത്ത് ഒരു നോട്ടമുണ്ട്. അതില്‍ നിന്നു നമ്മള്‍ അര്‍ഥം മനസ്സിലാക്കിക്കൊള്ളണം. പെന്‍ഷന്‍ വാങ്ങി ബസില്‍ തിരികെ വരുന്ന ഒരു ദിവസം കയ്യിലിരുന്ന പേഴ്‌സ് ആരോ ബ്ലേഡ് കൊണ്ട് കീറി പൈസ മുഴുവന്‍ എടുത്തു. വീട്ടില്‍ വന്നു രണ്ട് ദിവസം ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടുമില്ല. ഞാനാ പൈസ അയച്ചു തരാം വിഷമിക്കാതിരിക്കൂ എന്നു പറഞ്ഞു പോയി. അച്ഛന്‍ ദേഷ്യപ്പെട്ട അപൂര്വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അത്. പിന്നീടെനിക്കു കുറ്റബോധം തോന്നി. ഞാനും ചേട്ടനും ചിലപ്പോഴൊക്കെ അമ്മയും പലപ്പോഴും ആവശ്യമില്ലാതെ പണം ചിലവാക്കുന്നു എന്ന പരാതി ഒരിക്കലും വിട്ടുമാറിയിരുന്നില്ല.
ശ്വാസം മുട്ടലായി ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ അവര്‍ കോവീഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴും അച്ഛനു നല്ല ധൈര്യമായിരുന്നു. അമ്മ ഒട്ടും വിഷമിക്കാതെ നോക്കണം എന്നു കൂടെയുള്ള കസിനോട് പറഞ്ഞേല്പ്പിച്ചു. 10 ദിവസം കഴിഞ്ഞ് നെഗറ്റീവ് ആയി തിരികെ വന്നു. പോയതിലും ക്ഷീണിതനായി ഒരു ചുവടു പോലും വെയ്ക്കാന്‍ വയ്യാതെ ആണു വീട്ടിലെത്തിയത്. കുളിക്കണമെന്നു പറഞ്ഞു. ഭക്ഷണം കഴിച്ച് ചെറുതായി ഉറങ്ങി, കുറച്ചു കഴിഞ്ഞ് വീണ്ടും ശ്വാസ തടസ്സമുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ഹോപിറ്റലില്‍ കൊണ്ടു പോയി. രണ്ട് ഹോസ്പിറ്റല്‍ അഡ്മിറ്റ് ചെയ്യില്ല എന്നു പറഞ്ഞു. ഒടുവില്‍ കിംസില്‍ അഡ്മിറ്റു ചെയ്തു.
ബൈസ്റ്റാന്‍ഡര്‍ പാടില്ല കോവിഡ് വാറ്ഡ് ആയതു കൊണ്ട്. അപ്പോഴും അമ്മയോട് വിഷമിക്കരുതെന്നു മാത്രമാണു കൂടെ പോയ കസിനെ പറഞ്ഞേല്പ്പിച്ചത്. ഒരാഴ്ച്ച കിംസില്‍ ആരുമായും കമ്യൂണികേഷന്‍ ഇല്ലാതെ തനിയെ. അവസാനം എന്നോട് സംസാരിക്കണമെന്ന് ബഹളം വെച്ചപോള്‍ ഡോക്ടറോട് അനുവാദം വാങ്ങി നേഴ്‌സ് ഐ സി യു വിലെ ലാന്റ് ലൈനില്‍ കണക്റ്റ് ചെയ്തു തന്നു. വിറച്ചു കൊണ്ട് ഫോണെടുത്ത എന്നോട്, ഹോസ്പിറ്റല്‍ ബില്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്നു മാത്രമേ എടുക്കാവൂ എന്നു മാത്രം പറഞ്ഞു. പിന്നീട് എനിക്കു തീരെ വയ്യ. ഞാന്‍ വെയ്ക്കട്ടെ എന്നു പറഞ്ഞു ഫോണ്‍ നേഴ്‌സിന്റെ കയ്യില്‍ കൊടുത്തു. അടുത്ത ദിവസം അച്ചനെ വെന്റിലേറ്ററിലേക്ക് മാറ്റി. രണ്ടു മണിക്കൂറിനു ശേഷം അച്ചന്‍ പോയി.
ബോഡി ഇതു വരെ ക്രിമേറ്റ് ചെയ്തിട്ടില്ല. കോവീഡ് പ്രോട്ടോക്കോള്‍ പ്രകാരം ആരേയും കാണിക്കില്ലെന്ന് പറയുന്നു. ഒരു ജീവിതകാലം മുഴുവന്‍ ഒരു മണ്ണിനെ സ്‌നേഹിച്ച് ചേട്ടന്റെ കൂടെ അവിടെ ഉറങ്ങണം എന്നാഗ്രഹിച്ച അച്ഛന് അവസാനം ഒരാള്‍ക്ക് പോലും ഒന്നു കാണാന്‍ സാധിക്കാതെ ആരോ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നു. നിസ്സഹായത കൊണ്ട് വീര്‍പ്പുട്ടുന്നു. നമ്മളാഗ്രഹിക്കുന്ന വഴിയിലൂടെയൊന്നുമല്ല ജീവിതം നമ്മളെ കൊണ്ട് പോകുന്നതെന്ന് ഒന്നു കൂടി ബോദ്ധ്യമാകുന്നു. അച്ഛനെ പോലെ പോയ അനേകം മനുഷ്യരെ ഓര്‍ക്കുന്നു.