കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ ബാലേട്ടന്‍ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച താരമാണ് മണികണ്ഠന്‍ ആചാരി. ബാലൻ എന്ന കഥാപാത്രം മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. ഇപ്പോഴിതാ സ്വന്തം വീട് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഗൃഹപ്രവേശനത്തിന്റെ ചിത്രത്തോടൊപ്പമാണ് മണികണ്ഠന്‍ തന്റെ സന്തോഷം പങ്കുവച്ചത്. ‘അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി…. ഒരുപാടു പേര്‍ ഈ സ്വപ്നം സഫലമാക്കുവാന്‍ അകമഴിഞ്ഞു സഹായിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്…. ആരോടും നന്ദി പറയുന്നില്ലാ…. നന്ദിയോടെ ജീവിക്കാം’… മണികണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സിനിമയിലെത്തി നാല് വര്‍ഷത്തിന് ശേഷമാണ് സ്വന്തം വീട് എന്ന സ്വപ്‌നം നടന്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ചിത്രത്തിന് നാടക പ്രവര്‍ത്തകനായ മണികണ്ഠനെ തേടി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്‌കാരവും എത്തി. വെള്ളിത്തിരയിലേക്കുള്ള യാത്രക്കിടയിൽ സ്വർണപ്പണിക്കാരനായും ചമ്പക്കര മാർക്കറ്റിലെ മീൻവെട്ടുക്കാരനായും എല്ലാം ജോലി നോക്കിയിട്ടുള്ള വ്യക്തി കൂടിയാണ് മണികണ്ഠൻ. കമ്മട്ടിപ്പാടത്തിന് ശേഷം പതിനഞ്ചോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. സംവിധായകനായ രാജീവ് രവിയുടെ തുറമുഖമാണ് മണികണ്ഠന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം.