ആയുധധാരികളായ അക്രമികളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ ധൈര്യം കാണിച്ച അഞ്ചുവയസുകാരന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ധീരമായ ചെറുത്തുനില്‍പ്പിന് ഒടുവില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഒന്നും എടുക്കാതെയും ആരെയും ഉപദ്രവിക്കാതെയും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
അമേരിക്കിലെ ഇന്ത്യാനയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ഡേവിഡ് ജോണ്‍സണ്‍ എന്ന അഞ്ചുവയസുകാരനാണ് അമ്മയെയും സഹോദരിയെയും അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ധീരതയോടെ പോരാടിയത്. അക്രമിസംഘത്തില്‍ ചിലരുടെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നു. ഇതൊന്നും വകവെയ്ക്കാത ധൈര്യം കാണിച്ച കുട്ടിക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.
തല മറച്ച് അക്രമി സംഘം വീട്ടില്‍ അതിക്രമിച്ച് കയറുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഇത് കണ്ട് കുട്ടിയുടെ അമ്മ പരിഭ്രമം കൊണ്ട് എന്തുചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്നതും കാണാം. അക്രമികളുടെ കയ്യില്‍ തോക്ക് ഉണ്ട്. തുടര്‍ന്നായിരുന്നു അഞ്ചുവയസുകാരന്റെ ധൈര്യപ്രകടനം.
കളിപ്പാട്ടങ്ങള്‍ വലിച്ചെറിഞ്ഞും തുടര്‍ച്ചയായി കൈ കൊണ്ട് തല്ലിയുമാണ് കുടുംബത്തെ രക്ഷിക്കാന്‍ കുട്ടി നോക്കിയത്. ധീരമായ ചെറുത്തുനില്‍പ്പിന് ഒടുവില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ ഒന്നും എടുക്കാതെയും ആരെയും ഉപദ്രവിക്കാതെയും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി സൗത്ത് ബെന്‍ഡ് പൊലീസ് പറയുന്നു.